Quantcast

കളമശ്ശേരി സ്ഫോടനം: മതവിദ്വേഷം പ്രചരിപ്പിച്ചതിന് സന്ദീപ് വാര്യർക്കും അനിൽ നമ്പ്യാർക്കും കർമ ന്യൂസിനുമെതിരെ പരാതി

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജിൻഷാദ് ആണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2023-10-30 12:47:28.0

Published:

30 Oct 2023 12:26 PM GMT

കളമശ്ശേരി സ്ഫോടനം: മതവിദ്വേഷം പ്രചരിപ്പിച്ചതിന് സന്ദീപ് വാര്യർക്കും അനിൽ നമ്പ്യാർക്കും കർമ ന്യൂസിനുമെതിരെ പരാതി
X

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ മതസ്പർധ പരത്തുന്ന വിധത്തിൽ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ഇടുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസിൽ പരാതി. ബിജെപി സംസ്ഥാന സമിതിയം​ഗം സന്ദീപ് വാര്യർ, ജനം ടിവി അവതാരകൻ അനിൽ നമ്പ്യാർ, ഓൺലൈൻ ചാനലായ കർമ ന്യൂസ് എന്നിവർക്കെതിരെയാണ് പരാതി.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജിൻഷാദ് ആണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. 'ഭീകരാക്രമണത്തിന്' ഉത്തരവാദികൾ സുരക്ഷാ വീഴ്ച വരുത്തിയ കേരള സർക്കാരും ഹമാസ് ഭീകരതയെ ഉളുപ്പില്ലാത്തെ ന്യയീകരിച്ച സി.പി.എം- കോൺഗ്രസ് നേതാക്കളുമാണെന്നായിരുന്നു സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കളമശ്ശേരിയിലെ ഭീകരാക്രമണം അപ്രതീക്ഷിതമല്ലെന്നും കുന്തിരിക്കം വാങ്ങിവച്ചോളാൻ നേരത്തെ പറഞ്ഞതാണല്ലോ'യെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കേസിൽ ഡൊമിനിക് മാർട്ടിൻ കീഴടങ്ങുകയും പോസ്റ്റ് വിവാദമാവുകയും ചെയ്തതോടെ സന്ദീപ് വാര്യർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരുകയായിരുന്നു.

കളമശേരിയിൽ 'ഹമാസ് ജിഹാദ്' ആണെന്നായിരുന്നു കർമ ന്യൂസിന്റെ വാർത്ത. 'മേജർ സുരേന്ദ്ര പൂണിയയുടെ വമ്പൻ എക്സ്ക്ലുസീവ് വെളിപ്പെടുത്തലെ'ന്ന നിലയ്ക്കായിരുന്നു വാർത്ത. 'ഖത്തറിലിരുന്ന് കോഴിക്കോട്ട് നടന്ന യോഗത്തിൽ ഹമാസ് നേതാവ് ജൂതന്മാരുടെ സങ്കേതത്തിൽ ജിഹാദിന്‌ ആഹ്വാനം ചെയ്തിരുന്നു എന്ന് വീഡിയോ തെളിവ് അടക്കം പുറത്തുവിട്ട് മേജർ'- എന്നും അടിസ്ഥാന രഹിതമായ വാർത്തയിൽ അവകാശപ്പെട്ടിരുന്നു.

നേരത്തെ, ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷ സന്ദേശങ്ങൾ പ്രചരിച്ച ഔദ്യോഗിക പേജുകൾക്കെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ഡിജിപിക്ക്‌ പരാതി നൽകിയിരുന്നു. ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, വിഎച്ച്പി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ, മറുനാടൻ മലയാളി ഓൺലൈൻ എഡിറ്റർ ഷാജൻ സ്കറിയ, കർമ ന്യൂസ്‌, തീവ്ര വർഗീയ ഗ്രൂപ്പായ 'കാസ' എന്നിവരുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ വർഗീയ- വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്.

നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനും മതസമുദായിക സൗഹാർദത്തിന് ക്ഷതം വരുത്താനും സമൂഹത്തിൽ വർഗീയ- വംശീയ വിഭജനം സൃഷ്ടിക്കാനുമായി ആസൂത്രിതവും ബോധപൂർവവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറയുന്നു. ബിജെപി ദേശീയ നേതാക്കളും വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ചു. മുസ്‍ലിംങ്ങളെ ഉന്നംവച്ചുള്ള പ്രചാരണങ്ങൾ ട്വിറ്റർ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻ.കെ അബ്ദുൽ അസീസ് പരാതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, വിദ്വേഷ പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവും രം​ഗത്തെത്തിയിരുന്നു. കേരളത്തിലെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ നിരോധിക്കണമെന്നും ഈ സമ്മേളനങ്ങൾ ഉയർത്തിവിട്ട ഇസ്രായേൽ വിരുദ്ധ വികാരമാകാം യഹോവസാക്ഷികളുടെ സമ്മേളനത്തിലെ ബോംബ് സ്‌ഫോടനത്തിനു കാരണമെന്നുമായിരുന്നു ഇയാളുടെ വാദം. ഹമാസ് നേതാവിനെ പങ്കെടുപ്പിച്ച സമ്മേളനം മതവികാരം വളർത്താൻ കാരണമായിട്ടുണ്ടെന്നും ആർ.വി ബാബു ആരോപിച്ചിരുന്നു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യത്തെ സൂക്ഷിക്കാൻ കേരളത്തോട് ആഹ്വാനം ചെയ്യുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ചെയ്തത്.

ഇതിനിടെ, സംഭവത്തിൽ മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്.



Read Alsoകളമശ്ശേരി സ്ഫോടനം; സാമൂഹ്യമാധ്യമങ്ങളിലെ വർഗീയ പ്രചരണത്തിനെതിരെ ഐ.എൻ.എൽ പരാതി നൽകി





TAGS :

Next Story