'മുഖ്യമന്ത്രിയെ വിളിച്ചിട്ട് കിട്ടുന്നില്ല'; സിഎം വിത്ത് മീ കോള്‍ സെന്‍ററിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
കോള്‍ സെന്‍ററിലേക്ക് ഒരേ സമയം നിരവധി വിളികള്‍ വരുന്നതുകൊണ്ടാണ് പലർക്കും കിട്ടാത്തെന്നും തിരികെ വിളിക്കുമെന്നും ഔദ്യോഗിക വിശദീകരണം

വി.പി ദുല്‍കിഫില്‍ Photo| MediaOne
കോഴിക്കോട്: സിഎം വിത്ത് മീ കോള്‍ സെന്‍ററിലേക്ക് പരാതിപ്പെടാനായി വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ദുല്‍കിഫില്‍ പൊലീസിനെതിരായ പരാതി പറയാനാണ് കോള്‍ സെന്‍ററിലേക്ക് പല തവണയായി വിളിച്ചത്. കോള്‍ സെന്‍ററിലേക്ക് ഒരേ സമയം നിരവധി വിളികള്‍ വരുന്നതുകൊണ്ടാണ് പലർക്കും കിട്ടാത്തെന്നും തിരികെ വിളിക്കുമെന്നും ഔദ്യോഗിക വിശദീകരണം.
വടകരയില്‍ വെച്ച് കഴിഞ്ഞ മാസം പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാനാണ് ഇന്നലെ ഉച്ചയോടെ ദുല്‍കിഫില്‍ സിഎം വിത്ത് മീ കോള്‍ സെന്‍ററിലേക്ക് വിളിച്ചത്. ആദ്യ കോള്‍ ബിസിയായിരുന്നു. രണ്ടാമത്തെ കോളില്‍ മുഖ്യന്ത്രിയുടെ ശബ്ദ സന്ദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശത്തിന് ശേഷം കണക്ട് ചെയ്യാനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് വീണ്ടും വിളിച്ചെങ്കിലും ഫലമുണ്ടായില്ല
നിരന്തരമായി വിളി വന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ചില കോളുകള്‍ കിട്ടാതെ വരുന്നതെന്നും തിരിച്ചു വിളിക്കുമെന്നുമാണ് കോള്‍ സെന്‍ററിലെ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ഇന്നലെ മാത്രം 4203 കോളുകള്‍ വന്നു. 450 കോള്‍ മിഡ്സ് കോളായി. ഇതില്‍ 188 പേരെ തിരികെ വിളിച്ചെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാല്‍ തന്നെ ഇതുവരെ തിരിച്ചു വിളിച്ചില്ലെന്നാണ് ദുല്‍കിഫില്‍ പറയുന്നത്.
Adjust Story Font
16

