പത്താം ക്ലാസ് വിദ്യാർഥികളെ തടഞ്ഞുനിര്‍ത്തി സദാചാര പൊലീസിങ്; കോഴിക്കോട്ട് വാര്‍ഡ് മെമ്പറായ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്
മൂന്നു പെൺകുട്ടികളെയും സഹപാഠിയായ ആൺകുട്ടിയെയും വഴിയിൽ തടഞ്ഞുവെച്ച് അബ്ദുൽ ജലീൽ കൈയേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു

കോഴിക്കോട്: കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് അംഗമായ പ്രാദേശിക ലീഗ് നേതാവ് സ്കൂൾ വിദ്യാർഥിനിയെയും സഹപാഠിയെയും കയ്യേറ്റം ചെയ്തതായി പരാതി. തലക്കുളത്തൂർ പതിനാറാം വാർഡ് മെമ്പർ അബ്ദുൾ ജലീലിനെതിരെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. സംഭവത്തിൽ എലത്തൂർ പൊലീസ് കേസെടുത്തു.
ക്രിസ്മസ് പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് തലക്കുളത്തൂരിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളോട് തലക്കുളത്തൂർ പഞ്ചായത്ത് മെമ്പറായ മുസ്‍ലിം ലീഗ് നേതാവ് അതിക്രമം നടത്തിയത്.
മൂന്നു പെൺകുട്ടികളെയും സഹപാഠിയായ ആൺകുട്ടിയെയും വഴിയിൽ തടഞ്ഞുവെച്ച് അബ്ദുൽ ജലീൽ സദാചാര പൊലീസിങ് നടത്തിയെന്നാണ് പരാതി.പിന്നീട് പെൺകുട്ടിയുടെ കൈയ്ക്ക് കയറി പിടിച്ചു, ആൺകുട്ടിയെ മർദിച്ചെന്നും പരാതിയിൽ പറയുന്നു. കുട്ടികളെ ഉപദ്രവിച്ച പഞ്ചായത്ത് മെമ്പർ അബ്ദുൽ ജലീലിനെതിരേ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു പ്രാഥമികചികിത്സ നൽകി. അക്രമത്തിന് പിന്നാലെ മറ്റ് ചിലർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കള്‍ ആരോപിച്ചു.
Adjust Story Font
16

