Quantcast

പഹൽഗാം ഭീകരാക്രമണത്തിൽ സുപ്രിംകോടതിക്കും പങ്കുണ്ടെന്ന പരാമർശം: ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിനെതിരെ പരാതി

നന്ദകുമാറിന്റെ പ്രസംഗം ഒരേസമയം രാജ്യത്തെ ഐക്യം തകർക്കുന്നതും രാജ്യദ്രോഹപരവും സുപ്രിംകോടതിയെ അധിക്ഷേപിക്കുന്നതാണെന്നും അഭിഭാഷകനും കെപിസിസി മീഡിയ പാനലിസ്റ്റുമായ വി. ആർ അനൂപ് നൽകിയ പരാതിയിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-05-14 15:46:21.0

Published:

14 May 2025 7:18 PM IST

പഹൽഗാം ഭീകരാക്രമണത്തിൽ സുപ്രിംകോടതിക്കും പങ്കുണ്ടെന്ന പരാമർശം: ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിനെതിരെ പരാതി
X

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തില്‍ സുപ്രിംകോടതിക്കും പങ്കുണ്ടെന്ന ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിന്റെ പ്രസംഗത്തിനെതിരെ പരാതി നല്‍കി അഭിഭാഷകനും കെപിസിസി മീഡിയ പാനലിസ്റ്റുമായ വി. ആർ അനൂപ്.

നന്ദകുമാറിന്റെ പ്രസംഗം ഒരേസമയം രാജ്യത്തെ ഐക്യം തകർക്കുന്നതും രാജ്യദ്രോഹപരവും സുപ്രിംകോടതിയെ അധിക്ഷേപിക്കുന്നതാണെന്നും തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

പഹൽഗാം ആക്രമണത്തിലും ജമ്മു കാശ്മീരിലെ സ്ഥിതി വഷളാക്കിയതിലും ഒരു പങ്ക് സുപ്രിംകോടതിക്കുമുണ്ടെന്നായിരുന്നു ജെ. നന്ദകുമാറിന്റെ പ്രസംഗം. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഭാഷണത്തിലാണ് നന്ദകുമാർ വിവാദ പരാമർശം നടത്തിയിരുന്നത്. ആർഎസ്എസിന്റെ വൈജ്ഞാനിക, ബൗദ്ധിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനറാണ് ജെ. നന്ദകുമാർ.

തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതിയുടെ നിർദേശം കേന്ദ്രത്തിന് നടപ്പാക്കേണ്ടി വരികയായിരുന്നു. കശ്മീരിലെ സ്ഥിതി സാധാരണ നിലയിൽ എത്തുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ അവിടെ ഭീകരവാദികളെ പിന്തുണക്കുന്ന, അവർക്ക് ആക്സസ് ഉള്ള സർക്കാർ അധികാരത്തിൽ വന്നു. 'കൊളീജിയം എംപുരാൻമാർ, കൊളീജിയം തിരുമേനിമാർ' എന്നു പറഞ്ഞ് സുപ്രിംകോടതി ജഡ്ജിമാരെ പരിഹസിക്കുന്നുമുണ്ട് അദ്ദേഹം.

'അവര് ഇരുന്ന് അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടുകാർക്കും വീട്ടിൽ പണിയെടുക്കുന്നവർക്കും ജഡ്ജിയുദ്യോഗം കൊടുക്കാൻ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കി' - നന്ദകുമാർ പറയുന്നു. സുപ്രിം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്നമില്ല എന്ന ആമുഖത്തോടെയാണ് ആർഎസ്എസ് നേതാവ് സുപ്രിം കോടതിക്കെതിരായ ആക്രമണം തുടങ്ങിയത് തന്നെ.

TAGS :

Next Story