'സുഹൃത്തിനെ മർദിച്ചത് ചോദ്യം ചെയ്തതിന് നേമം പൊലീസ് ക്രൂരമായി മര്‍ദിച്ചു'; തിരു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് നേമം ഷജീർ
'നിന്റെ കരച്ചിൽ സ്റ്റേഷന് പുറത്തുള്ളവർ കേൾക്കണം.പൊലീസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് എല്ലാവരും അറിയണമെന്ന് പറഞ്ഞായിരുന്നു മർദനം'

തിരുവനന്തപുരം:കുന്നംകുളത്തെ പൊലീസ് മർദനത്തിന് സമാനമായ മർദനമേറ്റതായി തിരുവന്തപുരം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് നേമം ഷജീർ. സുഹൃത്തിനെ മർദിച്ചത് ചോദ്യം ചെയ്തതിനാണ് നേമം പൊലീസ് ക്രൂരമായി മർദിച്ചത്. ജനനേന്ദ്രിയത്തിന് മർദനമേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഏഴ് വർഷത്തിന് ശേഷം കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും നേമം ഷജീർ.
'2017ലാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ കണ്ണനെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു.അന്ന് കൂടെ പോയ ഞാന്‍ പുറത്ത് നില്‍ക്കുകയായിരുന്നു.പരാതിയുമായി പോയ കണ്ണനെ അജയന്‍ എന്ന പൊലീസുകാരന്‍ മര്‍ദിച്ചു. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ നീയാരാടാ ചോദ്യം ചെയ്യാന്‍ എന്ന് ചോദിച്ച് ചെകിടത്ത് അടിച്ച് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി.എന്നാല്‍ മര്‍ദിച്ചതില്‍ നടപടിയുണ്ടാകാതെ പോകില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും പൊലീസുകാര്‍ വലിച്ചിഴച്ച് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി.ചുമരിലേക്ക് ചേര്‍ത്ത് നിര്‍ത്തി നിരവധി തവണ ചെകിടത്ത് അടിച്ചു. സമ്പത്ത് എസ് ഐ അടിവയറ്റിൽ മുട്ടുകയറ്റി'..നേമം ഷജീർ പറഞ്ഞു.
'വേദനകൊണ്ട് കുനിയുമ്പോൾ മുതുകത്തും അടിച്ചു. ഇതിന് പിന്നാലെ സ്റ്റേഷനിലെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി ചവിട്ടിക്കൂട്ടി.നട്ടെല്ലിനടക്കം ചവിട്ടുകയും ചെയ്തു. അത്രയും ക്രൂരമായ പീഡനമായിരുന്നു. എസ്‌ഐയുടെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വീണ്ടും വീണ്ടും ഇടിച്ചു. നിന്റെ കരച്ചിൽ സ്റ്റേഷന് പുറത്തുള്ളവർ കേൾക്കണം.പൊലീസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് എല്ലാവരും അറിയണമെന്ന് പറഞ്ഞായിരുന്നു മർദനം. അവസാനം എനിക്ക് അനക്കമില്ലാതായതോടെ 15 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്റ്റേഷനില്‍ കൊണ്ടുപോയി തള്ളുകയായിരുന്നെന്നും നേമം ഷജീർ മീഡിയവണിനോട് പറഞ്ഞു.
എന്നെ തിരഞ്ഞു വന്നവരോട് ഇവിടെയില്ലെന്ന് പൊലീസുകാര്‍ പറഞ്ഞു. എന്നാല്‍ എന്‍റെ ശബ്ദം കേട്ട് കൂട്ടുകാര്‍ സ്റ്റേഷനില്‍ കയറുകയും ബലമായി പിടിച്ചിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.വൃഷണത്തില്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് അടിയന്തരമായ ശസ്ത്രക്രിയയും നടത്തി.21 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇതിന്‍റെ രേഖകളും കൈയിലുണ്ട്. അന്ന് പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ല.തെളിവുണ്ടായിട്ടും ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായെന്നും നേമം സജീര്‍ പറയുന്നു.പൊലീസുകാരനെതിരെ നടപടിയെടുക്കാതെ അയാളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഷജീർ ആരോപിക്കുന്നു.
Adjust Story Font
16

