Quantcast

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി സജന ബി. സാജൻ

ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യണമെന്നും പരാതിയിൽ

MediaOne Logo

Web Desk

  • Updated:

    2025-11-27 07:23:23.0

Published:

27 Nov 2025 12:52 PM IST

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി സജന ബി. സാജൻ
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യം.

ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യണമെന്നും പരാതിയിൽ. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന. വിഷയം സംബന്ധിച്ച് നിരവധി ചോദ്യങ്ങളും സജന മുന്നോട്ട് വെച്ചു.

രണ്ട് ദിവസം മുൻപ് ഞാൻ എഴുതിയ വരികൾക്ക് അനുകൂലവും പ്രതിക്കൂലവുമായ ഒട്ടനവധി കമന്റുകൾ തനിക്ക് വന്നു. അതിൽ മുഖം പോലും കാണിക്കാൻ താല്പര്യം ഇല്ലാതെ മ്ലേശ്ചമായ രീതിയിൽ എഴുതിയ ആളുകളോട് സഹതാപം മാത്രമേ ഉള്ളൂവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സജന പറഞ്ഞു.

പോസ്റ്റ് ഇങ്ങനെ: രണ്ട് ദിവസം മുൻപ് ഞാൻ എഴുതിയ വരികൾക്ക് അനുകൂലവും പ്രതിക്കൂലവുമായ ഒട്ടനവധി കമന്റുകൾ എനിയ്ക്ക് വന്നു. അതിൽ മുഖം പോലും കാണിക്കാൻ താല്പര്യം ഇല്ലാതെ മ്ലേശ്ചമായ രീതിയിൽ എഴുതിയ ആളുകളോട് സഹതാപം മാത്രമേ ഉള്ളൂ. അനുക്കൂലിച്ചവരോടും പ്രതികൂലിച്ചവരോടും ഒന്ന് മാത്രമേ പറയുന്നുള്ളൂ. ഇതിൽ നെല്ലും പതിരും തിരിച്ചിട്ടേ ഇനി വിശ്രമം ഉള്ളൂ. രണ്ട് ദിവസമായി വന്ന പേർസണൽ സന്ദേശങ്ങൾ, ഭീഷണികൾ ഇതിനൊക്കെ പുല്ലുവില മാത്രമേ കൽപ്പിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇത് ഒരു പ്രെസ്റ്റീജ് വിഷയം ആയി മാറി എന്ന് ഞാൻ പറയട്ടെ.

എന്റെ രാഷ്ട്രീയ പാരമ്പര്യം ആരായുന്നവരോട് എനിയ്ക്ക് പറയാനുള്ളത് താഴെയുള്ള ഫോട്ടോകളിൽ അതെല്ലാം ഉണ്ട്. ഇന്നും ശരിയാകാത്ത കാലും, സുഹൃത്തുക്കൾക്കൊപ്പം കയറിയിറങ്ങുന്ന കോടതി വരാന്തകളും സഹപ്രവർത്തകർക്കൊപ്പം ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ ജയിലും, പോസ്റ്റർ ഒട്ടിപ്പും, മുദ്രാവാക്യം വിളിയും, മൈക്ക് അനോൺസ്‌മെന്റും ഇതെല്ലാം തന്നെയാണ് എന്റെ രാഷ്ട്രീയം. എന്നെ കോൺഗ്രസ്‌ പ്രസ്ഥാനം വിട്ട് പോകാൻ പറയാൻ നട്ടെല്ലുറപ്പുള്ള ആർക്കും നേരിട്ട് വരാം. എന്റെ പ്രസ്ഥാനത്തിലുള്ള മുഖം മൂടി അണിഞ്ഞ ഒരു നേതാവിനാൽ ചതിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മാനസിക പിരിമുറുക്കങ്ങളിൽ അവൾക്ക് ശക്തി പകരാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പൊതുപ്രവർത്തനം ആണ്. എന്ത് സ്ത്രീപക്ഷം ആണ്. ഇരയാക്കപ്പെട്ടവൾ ഓടി നടന്ന് എന്നെ ചതിച്ചു എന്ന് പറയുന്ന നീതിയല്ല. അവളെ തേടി നീതി അവിടെയ്ക്ക് ചെല്ലുന്ന സമൂഹം ആണ് നമ്മുക്ക് വേണ്ടത്.

ഞാൻ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതല്ല. പാർട്ടിയുടെ വിശ്വാസിയത കൂട്ടാനാണ് ശ്രമിക്കുന്നത്.

1.പാർട്ടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ നടപടി എടുത്തത് എന്തിന്?

2. യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിൽ നിന്നും രാഹുൽ രാജി വച്ചത് എന്തിന്?

3.ഈ ആരോപണങ്ങൾ ശരിയല്ല എങ്കിൽ, ശബ്ദം തന്റേത് അല്ല എങ്കിൽ എന്ത് കൊണ്ട് നിഷേധിക്കാനോ നിയമനടപടിക്കോ രാഹുൽ തയ്യാറാകുന്നില്ല?

4.ഒരു പെൺകുട്ടിയുടെ ശബ്ദരേഖ ഒഴിച്ച് ബാക്കി വന്ന ആരോപണങ്ങൾ തെറ്റാണെങ്കിൽ ആ വാർത്തകൾ പറയുന്ന മാധ്യങ്ങൾക്ക് എതിരെയെങ്കിലും നിയമ നടപടികൾ സ്വീകരിക്കാത്തത് എന്ത് കൊണ്ട്?

5.ഒരു ബന്ധം ഉണ്ടായി എന്നിരിക്കട്ടെ അതിൽ പ്രശ്നങ്ങൾ ഉണ്ടായി പിന്നീട് അത് പരിഹരിക്കപ്പെട്ടു എന്നാകിൽ ഇപ്പോൾ വരുന്ന വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാമല്ലോ. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല.

ഈ ചോദ്യങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി പറയണം. എന്നാൽ ഈ പ്രശ്നം നാളെകളിൽ കോൺഗ്രസ്‌ പാർട്ടിയെയും അദ്ദേഹത്തെയും വേട്ടയാടില്ലല്ലോ.?

അത് പോലെ എന്ത് തെമ്മാടിത്തരം നടന്നാലും അതിനെല്ലാം ഉമ്മൻചാണ്ടി സാറിനെ കൂട്ട് പിടിക്കുന്നവരോട്. ഉമ്മൻചാണ്ടി സാറിന് എതിരെ വന്ന ആരോപണത്തിൽ പരാതിക്കാരി ഉണ്ടായിരുന്നു. അദ്ദേഹം ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറായിരുന്നു. ഒളിച്ച് വച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നില്ല. ആ ആരോപണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്ന ശക്തികൾ ആദ്യമേ രംഗത്തും ഉണ്ടായിരുന്നു. ആ വേട്ടയാടലുമായി ഇതുപോലുള്ള വിഷയങ്ങളെ കൂട്ടിക്കലർത്തരുത് എന്ന് സാറിന്റെ പേര് ഉപയോഗിക്കുന്നവരോട് പറയുകയാണ്.

ഈ വിഷയത്തിൽ സമഗ്രമായ പാർട്ടി തല അന്വേഷണം വേണം. അതും ദേശീയ തലത്തിൽ ഉള്ള വനിതാ നേതാകൾ തന്നെ ഉൾപ്പെടുന്ന അന്വേഷണ സംഘം ഈ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബഹു. പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള എഐസിസി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story