പാലക്കാട്ട് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി
തിങ്കളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി. ക്യാനിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. വാണിയംകുളം ടൗണിലെ കെഎം പെട്രോൾ പമ്പിലാണ് കഴിഞ്ഞദിവസം രാത്രി അതിക്രമം നടന്നത്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം .
ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയ 3 പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു . ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ബോട്ടിൽ പമ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും അതിനിടയിൽ ജീവനക്കാരെ അസഭ്യം പറയുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു.
ആവശ്യപ്പെടുന്നവർക്ക് പമ്പിൽ നിന്നും ബോട്ടിൽ നൽകേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞായിരുന്നു സംഘത്തിലെ രണ്ടുപേർ ജീവനക്കാരോട് തട്ടിക്കയറിയതും അസഭ്യം പറഞ്ഞതും . ബോട്ടിലിൽ പെട്രോൾ തന്നില്ലെങ്കിൽ പമ്പിന് തീവയ്ക്കും എന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു.
പമ്പിൽ ബോട്ടിൽ ഇല്ല എന്ന് ബോധ്യമായതോടെ ഓട്ടോയിൽ ഇവർ തന്നെ കരുതിയിരുന്ന ഒരു ക്യാൻ ജീവനക്കാർക്ക് നൽകി. അതിൽ പെട്രോൾ നിറച്ചു നൽകാൻ നിർബന്ധിച്ചു. ജീവനക്കാർ പെട്രോൾ കന്നാസിൽ നിറച്ചു നൽകി. അതിനുശേഷം വാങ്ങിയ പെട്രോൾ പമ്പിനുള്ളിൽ നിലത്ത് ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പമ്പ് മാനേജർ ഷോർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

