കണ്ണൂര്‍ സര്‍വ്വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയ വിദ്യാര്‍ഥിയെ SFI പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി
തടങ്കലില്‍ പാര്‍പ്പിച്ച വിദ്യാര്‍ഥിയെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ച ശേഷമാണ് വിട്ടയച്ചത്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചതായി പരാതി. പയ്യന്നൂര്‍ എടാട്ട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയും ഫ്രറ്റേണിറ്റി ജില്ല ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫഹീമിനെയാണ് തട്ടിക്കൊണ്ടു പോയത്.
പയ്യന്നൂര്‍ കോളേജ് യൂണിയന്‍ ഓഫീസില്‍ തടങ്കലില്‍ പാര്‍പ്പിച്ച വിദ്യാര്‍ത്ഥിയെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ച ശേഷമാണ് വിട്ടയച്ചത്. ഈ മാസം 26നാണ് കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് അവസാനിച്ചു. അതിനിടയിലാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കാത്തുനിന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയന്ന പരാതി.
പയ്യന്നൂര്‍ എടാട്ടെ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ ആണ് സംഭവം. കോളേജിലെ ആദ്യവര്‍ഷ പിജി വിദ്യാര്‍ത്ഥിയും ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫഹീമിനെയാണ് തട്ടിക്കൊണ്ടു പോയത്. രാവിലെ 9.45 ഓടെ കോളേജ് ഓഫീസിനു മുന്നില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ത്ഥിയെ ഉച്ചയ്ക്ക് ഒരു മണിവരെ പയ്യന്നൂര്‍ കോളേജിന്റെ യൂണിയന്‍ ഓഫീസിനുള്ളില്‍ തടങ്കലില്‍ പാര്‍പ്പിച്ചു.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയ രണ്ട് കെഎസ്യു പ്രവര്‍ത്തകരെയും സമാന രീതിയില്‍ തട്ടിക്കൊണ്ടു വരികയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. സംഭവത്തില്‍ പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. വര്‍ഷങ്ങളായി എസ്എഫ്‌ഐ എതിരാളികള്‍ ഇല്ലാതെ ജയിക്കുന്ന ജില്ലയിലെ കാമ്പസുകളില്‍ ഒന്നാണ് എടാട്ടെ യൂണിവേഴ്‌സിറ്റി ക്യാമ്പസ്.
Adjust Story Font
16

