Quantcast

കോഴിക്കോട്ട് അഭിഭാഷകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി

പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിൻ്റെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    1 May 2025 7:00 AM IST

Asif Rahman
X

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ അഭിഭാഷകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. പൊലീസിൽ പരാതി നൽകാൻ വയോധികയെ സഹായിച്ചതിനാണ് മർദനമെന്നാണ് നരിക്കുനി സ്വദേശി അഡ്വ. ആസിഫ് റഹ്മാന്‍റെ ആരോപണം. എന്നാൽ പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിൻ്റെ വിശദീകരണം. സിപിഎം പ്രവർത്തകരുടെ അധിക്ഷേപം നേരിട്ട വയോധികക്ക് നിയമോപദേശം നൽകുകയും പരാതി നൽകാൻ സഹായിച്ചതിനും സിപിഎം പ്രവർത്തകർ മർദിച്ചെന്നാണ് അഭിഭാഷകൻ്റെ ആരോപണം.

അയൽവാസിയുമായി ബന്ധപ്പെട്ട വഴിത്തർക്കം ഒത്തുതീർപ്പാക്കാൻ നരിക്കുനിയിലെ സിപിഎം ഓഫീസിലേക്ക് വയോധികയെ വിളിച്ചുവരുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് താൻ ഇടപെട്ടതെന്നും അഭിഭാഷകനായ ആസിഫ് പറയുന്നു. ഇന്നലെ രാത്രി ആസിഫ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകും വഴിയായിരുന്നു ആക്രമണം. പത്തോളം ആളുകൾ ചേർന്നാണ് മർദ്ദിച്ചതെന്നും പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആസിഫ് പറഞ്ഞു.

എന്നാൽ ആസിഫിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. വഴിതർക്കവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചതാണ്.പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിന്‍റെ ഭാഗമായി ആസിഫ് ആക്രമണം നടത്തുകയായിരുന്നുവെന്നും സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.



TAGS :

Next Story