കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നൽകിയത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ ഗർഭിണിക്ക് ഡോക്ടർമാർ ചികിത്സ നിഷേധിചതായി പരാതി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നൽകിയത്. മൂന്നു ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടർമാർ ചികിത്സക്കെത്തിയില്ലെന്നും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഈ മാസം 22 നാണ് ഗർഭിണിയായ റസീന നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡോക്ടർ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആകുകയും ചെയ്തു. പിന്നീട് പരിശോധനക്കായി ഡോക്ടർമാരാരും വന്നില്ലെന്നാണ് യുവതിയുടെ പരാതി. തുടർ ചികിത്സ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.
ചികിത്സ നിഷേധിച്ച ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16

