ബേപ്പൂരിലും വോട്ടിന് നോട്ട്? കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം നല്‍കിയെന്ന് വോട്ടര്‍മാരുടെ പരാതി
2000 രൂപ വീതമാണ് ലഭിച്ചതെന്ന് മാറാട് സ്വദേശികളായ കെ.സ്വാമിനാഥനും സി.വി ശ്രീനിവാസനും പറഞ്ഞു

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി കോൺഗ്രസ് പ്രാദേശിക നേതാവ് പണം നൽകിയെന്ന് വോട്ടർമാരുടെ പരാതി. 2000 രൂപ വീതമാണ് ലഭിച്ചതെന്ന് മാറാട് സ്വദേശികളായ കെ.സ്വാമിനാഥനും സി.വി ശ്രീനിവാസനും പറഞ്ഞു. എന്നാൽ, വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം യുഡിഎഫ് സ്ഥാനാർഥി പി.വി അൻവർ തള്ളി. സംഭവത്തിൽ മാറാട് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസ് പ്രാദേശിക നേതാവായ രാജീവൻ തിരുവച്ചിറയും നിലമ്പൂർ സ്വദേശിയായ ഒരാളും തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും യുഡിഎഫിന് വോട്ട് അഭ്യർഥിച്ച് 2000 രൂപ നൽകിയെന്നുമാണ് കെ.സ്വാമിനാഥന്‍റെയും സി.വി ശ്രീനിവാസന്‍റെയും പരാതി. 500 രൂപയുടെ നാല് നോട്ടുകൾ വീതമാണ് കൈമാറിയത്. ഇവരുടെ പരാതിയിൽ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി ആരംഭിച്ചിട്ടുണ്ട്. വീടുകളിലെത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസനും സ്വാമിനാഥനും തങ്ങൾക്ക് ലഭിച്ച പണം ഉദ്യോഗസ്ഥർക്ക് കൈമാറി.
എന്നാൽ, യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയല്ല, മറിച്ച് എൽഡിഎഫാണ് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണമൊഴുക്കുന്നതെന്ന് പി.വി അൻവർ പ്രതികരിച്ചു. തനിക്കെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും അൻവർ പറഞ്ഞു. സംഭവത്തിൽ കേസെടുക്കാൻ അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
Adjust Story Font
16

