മാനേജരെ മർദിച്ചെന്ന പരാതി; ആരോപണങ്ങൾ തളളി ഉണ്ണി മുകുന്ദൻ
വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവർത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിൻ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

കൊച്ചി: മാനേജരെ മർദിച്ചെന്ന പരാതിയിൽ ആരോപണങ്ങൾ തള്ളി ഉണ്ണി മുകുന്ദൻ. കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാർഥ്യമാണെന്നും എന്നാൽ മർദിച്ചിട്ടില്ലായെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവർത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിൻ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കോളിൽ മോശമായി സംസാരിച്ചുവെന്നും നിലവിൽ അതിലാണ് പരാതി നൽകിയതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. വിപിൻ ഫെഫ്കയിൽ അംഗമല്ല. സിനിമ മേഖലയിലെ നിരവധി സ്ത്രീകൾ വിപിനെതിരെ സിനിമ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ തെളിവില്ലായിരുന്നു. രണ്ട് നടിമാർ വിപിൻ കുമാറിനെതിരെ നൽകിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.
തന്റെ കരിയർ നശിപ്പിക്കാൻ സിനിമയിലെ തന്നെ ചില ആളുകൾ ശ്രമിക്കുന്നുണ്ടെന്നും പേരുകൾ പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തർക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്‌നത്തിൽ ഉൾപ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നൽകാൻ തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.
Adjust Story Font
16

