വി.എസ് അച്യുതാനന്ദന്‍റെ മകനെ ഐഎച്ച്ആർഡി ഡയറക്ടർ ആക്കാൻ യോഗ്യതകളിൽ മാറ്റം വരുത്തിയതായി പരാതി
നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കാൻ ഇരിക്കെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകിയത്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ മകനെ ഐഎച്ച്ആർഡി ഡയറക്ടർ ആക്കാൻ യോഗ്യതകളിൽ മാറ്റം വരുത്തിയതായി പരാതി. നിലവിലുള്ള മാനദണ്ഡങ്ങൾക്കൊപ്പം ഏഴു വർഷത്തെ അഡിഷണൽ ഡയറക്ടർ പരിചയം കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തത്. നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കാൻ ഇരിക്കെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകിയത്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമാണ് ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനവും. AICTE വ്യവസ്ഥ പ്രകാരം എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം 15 കൊല്ലത്തെ അധ്യാപന പരിചയം, പിഎച്ച്ഡി ഗൈഡ് ഷിപ്പ്, രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയം എന്നിവയാണ് യോഗ്യതയായി പരിഗണിക്കുക. ഇതിനൊപ്പം ഏഴു വർഷത്തെ അഡിഷണൽ ഡയറക്ടർ പരിചയം കൂടി യോഗ്യതയായി കൂട്ടി ചേർത്ത് 2023 ഡിസംബറിൽ സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്തതാണ് പുതിയ വിവാദത്തിന് കാരണം.
2016 മുതൽ IHRD അഡീഷണൽ ഡയറക്ടറായ വി. എസ് അച്യുതാനന്ദന്‍റെ മകൻ അരുൺകുമാറിന് നിയമനം നൽകാൻ വേണ്ടിയാണ് പരിഷ്കാരം എന്ന് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. യോഗ്യതകളിൽ ഭേദഗതി വരുത്താൻ ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് മാറ്റം വരുത്തിയത് ചട്ടവിരുദ്ധമാണ് എന്നും പരാതിയിലുണ്ട്.
നിയമനത്തിനുള്ള അഭിമുഖം ഇന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടക്കാനിരിക്കെയാണ് ആരോപണം ഉയരുന്നത്. സ്പെഷ്യൽ റൂളിൽ വരുത്തിയ ഭേദഗതി റദ്ദാക്കണം എന്നും അഭിമുഖം മാറ്റി വയ്ക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം.
Adjust Story Font
16

