'ലോക്‌സഭയുടെ അന്തസ്സിനും പദവിക്കും നേരെയുള്ള അപമാനം'; ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തിൽ ലോക്‌സഭ സ്പീക്കർക്ക് പരാതി
പൊലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് പരാതി നൽകിയത്

ആലപ്പുഴ: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകി. പൊലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ടാണ് പരാതി.
എംപിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പൊതുജനങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിൽ നേരിട്ട് പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സിറ്റിംഗ് പാർലമെന്റ് അംഗത്തിനെതിരെയുള്ള ആക്രമണം മാത്രമല്ല, ലോക്‌സഭയുടെ അന്തസിനും പദവിക്കും നേരെയുള്ള ഗുരുതരമായ അപമാനമാണെന്നും കൊടിക്കുന്നിലിന്റെ പരാതിയിൽ പറയുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ലോക്‌സഭയുടെ പ്രിവിലേജസ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദനത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഷാഫിക്ക് നേരെയുണ്ടായത് സർക്കാർ സ്‌പോൺസേർഡ് ആക്രമണമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ പ്രതികരിച്ചിരുന്നു. മർദനം കാട്ടുനീതിയാണെന്നാണ് കെ.സി വേണുഗോപാൽ പ്രതികരിച്ചത്.
Adjust Story Font
16

