Quantcast

ജാമിഅ സമ്മേളനത്തിലെ 'വെട്ടിനിരത്തൽ'; സമസ്ത-ലീഗ് ബന്ധത്തിൽ സംഭവിക്കുന്നത്

പാണക്കാട് തങ്ങൻമാർ ഖാദിമാരായ മഹല്ലുകളുടെ ഏകോപന വേദി കൊണ്ടുവരുന്നു

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2024-01-06 07:02:08.0

Published:

5 Jan 2024 12:03 PM GMT

Jamia Nooriya College
X

സമസ്ത പ്രവർത്തകരുടെയും അനുഭാവികളുടെയും ഏറ്റവും വലിയ വാർഷിക സംഗമ വേദിയായ മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിന്റെ സമ്മേളന പരിപാടിയിൽ നിന്ന് ഒരു വിഭാഗം സമസ്ത നേതാക്കളെ ഒഴിവാക്കിയത് സമസ്തക്കകത്തും മുസ്‌ലിം ലീഗിനകത്തും വലിയ വിവാദമായി വളരുകയാണ്. നടപടിയുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും നടത്തുന്ന വാദപ്രതിവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

പതിനായിരങ്ങൾ പങ്കെടുക്കുന്ന അഞ്ചു ദിനം നീളുന്ന സമ്മേളനം പൂർണമായും കോളജിന്റെ പ്രസിഡണ്ടായ സാദിഖലി ശിഹാബ് തങ്ങളുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. സമസ്തയുടെ കീഴിലുള്ള ജാമിഅ നൂരിയ്യ കോളജിന്റെ നടത്തിപ്പിൽ മുസ്‌ലിം ലീഗിനുള്ള സ്വാധീനം ഉപയോഗിച്ച് സാദിഖലി തങ്ങളാണ് വെട്ടിനിരത്തൽ നടത്തിയതെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം.

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ ശക്തമായി പിന്തുണക്കുന്ന സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, ഉമർ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, എസ്‌കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് തുടങ്ങിയവർ സമ്മേളനത്തിന്റെ ഒരു സെഷനിലും ക്ഷണിക്കപ്പെട്ടിട്ടില്ല. നേരത്തേ തയ്യാറാക്കിയ നോട്ടീസിൽ ഉണ്ടായിരുന്നിട്ടും ചിലരെ ഒഴിവാക്കിയെന്നും വിമർശനമുണ്ട്.

സമസ്തയിലെ പ്രബല വിഭാഗം സാദിഖലി തങ്ങളുമായി ബന്ധപ്പെട്ട് ഏറെനാളായി തുടരുന്ന പോരിന്റെ തുടർച്ചയാണ് പുതിയ സംഭവം. കത്തോലിക്കാ സഭയുടെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രനുമായി ചേർന്ന് സാദിഖലി തങ്ങൾ കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതു സംബന്ധിച്ച് ലീഗിനകത്ത് നിന്ന് തന്നെ വിമർശനമുയർന്നു. ഇതിന് പിറകേ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് സാദിഖലി തങ്ങളെ ലക്ഷ്യമിട്ടാണെന്ന വ്യഖ്യാനമുണ്ടായി. സാദിഖലി തങ്ങളുടെ ചില ചെയ്തികൾ വിശ്വാസപരമായി സമസ്തക്ക് അംഗീകരിക്കാനാവില്ലെന്ന ചർച്ചയും ഉയർന്നു. ഒരു പ്രത്യേക വിഷയത്തിലെ വിമർശനം എന്ന നില വിട്ട്, സാദിഖലി തങ്ങൾ മഹല്ലുകളുടെ ഖാദിയായി തുടരുന്നതിലെ ആധികാരികത ചോദ്യം ചെയ്യുന്ന നിലയിലുള്ള വിമർശനങ്ങളും ഉയർന്നുവന്നു.

സമസ്തയിലെ ഒരു വിഭാഗം നടത്തുന്ന ലീഗ് വിരുദ്ധ നീക്കമായാണ് സാദിഖലി തങ്ങൾക്കൊപ്പം നിൽക്കുന്നവർ ഇതിനെയെല്ലാം കണ്ടത്. ഇതിന് പിറകേയാണ് ജാമിഅ സമ്മേളനത്തിലെ വെട്ടിനിരത്തലുണ്ടായത്. നാട്ടിലും വിദേശത്തുമുള്ള സമസ്തയുടെ ഏതാനും ഘടകങ്ങൾ വെട്ടിനരത്തലിനെതിരെ വാർത്താക്കുറിപ്പിറക്കി. തങ്ങൻമാർ പൂർവിക പാത കൈവിടരുതെന്ന പരോക്ഷ വിമർശനം ജാമിഅ വേദിയിൽ സമസ്ത മുശാവറ അംഗം മുസ്തഫൽ ഫൈസി നടത്തുകയും ചെയ്തു. ഒരു വിഭാഗം സമസ്ത നേതാക്കളെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമറിയിച്ച് ഏതാനും ചിലർ ചേർന്ന് സാദിഖലി തങ്ങൾക്ക് കത്ത് നൽകി. സാമൂഹ്യമാധ്യമങ്ങളിൽ സാദിഖലി തങ്ങൾക്കെതിരെ നിരവധി കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കെതിരെയുള്ള കുറിപ്പുകൾ മറു വിഭാഗവും പ്രചരിപ്പിക്കുന്നുണ്ട്. സമസ്ത നേതാക്കളെ ഒഴിവാക്കിയതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് അതെക്കുറിച്ച് അറിയില്ലെന്നാണ് സാദിഖലി തങ്ങൾ പ്രതികരിച്ചത്. അതേസമയം, സമസ്ത നേതാക്കളാരും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടേയും ഒപ്പം നിൽക്കുന്നരുടേയും സ്വാധീനം കുറക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ലീഗിലെ ഒരു വിഭാഗവും സമസ്തയിലെ തന്നെ എതിർചേരിയും ചേർന്ന് ശക്തിപ്പെടുത്തുകയാണ്. ഇതിൽ ഏറ്റവും നിർണായകം പാണക്കാട് തങ്ങൻമാർ ഖാദിമാരായ മഹല്ലുകളുടെ ഏകോപന വേദി കൊണ്ടുവരുന്നതാണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും നീലഗിരി അടക്കം തമിഴ്‌നാടിന്റെ ഏതാനും പ്രദേശങ്ങളിലുമുള്ള മഹല്ലുകൾ കേന്ദ്രീകരിച്ചാണ് ഈ സംഘാടനം. പാണക്കാട് ഖാദി ഭവൻ സ്ഥാപിക്കാനും ഇത് കേന്ദ്രീകരിച്ച് മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് നീക്കം. സമസ്തക്ക് സമാന്തരമായി മറ്റൊരു സംവിധാനം രൂപപ്പെടുത്തുകയാണോ എന്ന സംശയം ഇതുണ്ടാക്കിയിട്ടുണ്ട്.

നവലിബറലിസത്തിനെതിരെയുള്ള പോരാട്ടം, മഹല്ലുകൾ നടത്തുന്ന സാമൂഹിക-സാമ്പത്തിക- സാംസ്‌കാരിക - ജീവകാരുണ്യ -സേവന പ്രവർത്തനങ്ങളുടെ ഏകീകരണം എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യമായി പറയുന്നത്. മഹല്ല് ശാക്തീകരണത്തിനായുള്ള ഈ സംഗമം ഫെബ്രുവരി 17ന് കോഴിക്കോടാണ് നടക്കാൻ പോകുന്നത്. സാദിഖലി തങ്ങൾ മുഖ്യരക്ഷാധികാരിയായ ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അബ്ദുസ്സമദ് പൂക്കോട്ടൂരും സലീം എടക്കരയുമാണ്. സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ കൂരിയാടും കൊയ്യോട് ഉമർ മുസ്‌ലിയാരുമെല്ലാം കൂട്ടത്തിലുണ്ട്. സമസ്തയിലെ ലീഗ് അനുകൂല പക്ഷത്തിന്റെ അനൗദ്യോഗിക വേദിയായി ഈ കൂട്ടായ്മ മാറും.

പട്ടിക്കാട് ജാമിഅ സമ്മേളനത്തോടെ രൂപപ്പെട്ട സാഹചര്യം ഇതുവരെ ഉണ്ടായ ലീഗ് -സമസ്ത അസ്വാരസ്യങ്ങൾ പോലെയല്ല. സമസ്തയുടെ താഴെ തട്ടിലേക്ക് വരെ ഇതിന്റെ അലയൊലികൾ ഉണ്ട്. പാണക്കാട് ഖാദി ഭവൻ കൂടി വരുന്നതോടെ ജിഫ്രി തങ്ങൾക്കും ഒപ്പം നിൽക്കുന്നവർക്കും മുന്നിൽ ഒരു വെല്ലുവിളി കൂടി ഉയർത്തുകയാണ് ലീഗ്.

TAGS :

Next Story