ഡൽഹി യാത്രയുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല; അനുകൂലിക്കുന്നവരെ ഒപ്പം നിര്‍ത്താന്‍ കെ.സുധാകരന്‍
ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിൽ എത്താൻ കഴിയാത്തതും കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നു

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് എഐസിസി കടുപ്പിച്ചതിന് പിന്നാലെ കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി.ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിൽ എത്താൻ കഴിയാത്തതാണ് നേതൃത്വത്തെ ഇപ്പോഴും കുഴക്കുന്നത്.
മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ആവാത്തതുമാണ് കോൺഗ്രസ് സീറ്റ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം. കെ.സുധാകരൻ പരസ്യമായും അടൂർ പ്രകാശ് സമുദായ സംഘടനകൾ മുഖേനയും നിയമസഭാ സീറ്റ് എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര നേതൃത്വം.
കെ.സുധാകരനെ നാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കിലും ഡൽഹി യാത്രയുടെ കാര്യത്തിൽ സുധാകരൻ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദത്തിന് സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സുധാകരൻ അല്ലെങ്കിൽ കണ്ണൂരിൽ സ്ഥാനാർത്ഥി ആര് എന്ന കാര്യത്തിലും സുധാകരന്റെ ക്യാമ്പിൽ തീരുമാനമായിട്ടില്ല.അതിനിടെ, സ്ഥാനാർഥിത്വത്തിൽ അനുകൂല നിലപാടുള്ള പ്രധാന നേതാക്കളുടെ യോഗം വിളിക്കാനൊരുങ്ങി കെ.സുധാകരൻ. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം ഉണ്ടായേക്കും. കെ.സുധാകരന്റെ കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിൽ ഡിസിസിക്കും അതൃപ്തിയുണ്ട്.
അതേസമയം, ശിവഗിരി മഠം അടക്കം അടൂർ പ്രകാശിന്റെ കാര്യത്തിലും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ആലപ്പുഴ അടക്കമുള്ള നാല് ജില്ലകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിനിർണയം കീറാമുട്ടിയായി അവശേഷിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് കെ എസ് ശബരിനാഥനെയാണ് കൊണ്ഗ്രെസ്സ് നിലവിൽ പരിഗണിക്കുന്നത്. എന്നാൽ അരുവിക്കരയിലാണ് ശബരിനാഥന് താല്പര്യം.
പാലക്കാട് സീറ്റിലേക്കും പരിഗണിച്ചിരുന്നങ്കിലും ഇവിടെ മത്സരത്തിനില്ലന്ന ഉറച്ച നിലപാടിലാണ് ശബരിനാഥൻ. തിരുവനന്തപുരം സിഎംപിക്ക് നൽകാൻ ധാരണയായതോടെ വി എസ് ശിവകുമാറും അതൃപ്തിയിലാണ്. ആലപ്പുഴയിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് ഷുക്കൂറും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതും യുഡിഎഫിനെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. നിലവിൽ മത്സരിച്ച സീറ്റുകൾ വിട്ടു നൽകിയിരുന്ന ഉറച്ച നിലപാടിലാണ് ആർ എ സ്പിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും. ഇവരുമായുള്ള ചർച്ചകൾ പൂർത്തിയായാൽ മാത്രമേ അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് കോൺഗ്രസിനെ കടക്കാൻ കഴിയൂ.
Adjust Story Font
16

