Quantcast

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പരാതി നൽകി കോൺഗ്രസ്

ബിജെപി ജനാധിപത്യ മര്യാദകൾ പാലിക്കണമെന്നും പിഷാരടിയെ തടഞ്ഞ സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    2 April 2026 5:16 PM IST

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പരാതി നൽകി കോൺഗ്രസ്
X

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ഡിവൈഎസ്പിക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി സതീഷാണ് പരാതി നല്‍കിയത്. ബിജെപി ശക്തി പ്രാപിച്ചാല്‍ എന്താണുണ്ടാകുക എന്നതിന്റെ സൂചനയാണ് പാലക്കാട് കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേഷ് പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തി.

ഇന്നലെ രാത്രി പാലക്കാട് നഗരത്തിലെ വടക്കന്തറയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി കൗണ്‍സിലര്‍ സിന്ദുവും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞത്. തങ്ങളുടെ പ്രദേശത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടന്നുവരരുതെന്ന് പറഞ്ഞാണ് പ്രകോപനമുണ്ടാക്കിയത്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം അപലപനീയമാണെന്നും ബിജെപി ജനാധിപത്യ മര്യാദ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

രമേഷ് പിഷാരടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവും തെരഞ്ഞെടുപ്പിലൂടെ ബിജെപിക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും പറഞ്ഞു.

അതേസമയം, പിഷാരടിയെ തടഞ്ഞ സംഭവത്തെ ന്യായീകരിക്കുകയാണ് ബിജെപി. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയതിനാണ് പിഷാരടിയെ തടഞ്ഞതെന്നാണ് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പറയുന്നത്. രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവം പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫ്.

TAGS :

Next Story