Quantcast

പല വഴികളിൽ പൊട്ടിത്തെറിച്ച് കോൺഗ്രസ്; ശരശയ്യയിൽ സുധാകരൻ

കോൺഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ഇപ്പോഴും ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന്റെ വിയോജിപ്പുകളെ അവഗണിച്ച് മുമ്പോട്ടുപോകുക സുധാകരന് എളുപ്പമാകില്ല

MediaOne Logo

abs

  • Published:

    29 Aug 2021 6:01 AM GMT

പല വഴികളിൽ പൊട്ടിത്തെറിച്ച് കോൺഗ്രസ്; ശരശയ്യയിൽ സുധാകരൻ
X

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യക്ഷമായി രംഗത്തെത്തി. അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. എന്നാൽ അപ്രതീക്ഷിതമായി, സുധാകരന് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തിയത് ശ്രദ്ധേയമായി.

ഉമ്മൻചാണ്ടിയുടെ അതൃപ്തി

പതിവിനു വിപരീതമായി കടുത്ത പരാമർശമാണ് ഉമ്മൻചാണ്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഉടനീളം അതൃപ്തി പ്രകടമായിരുന്നു.

'ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തൻറെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്. എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തിൽ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. അല്ലാതെയുള്ള അച്ചടക്ക നടപടികളൊന്നും തന്നെ ജനാധിപത്യ രീതിയിൽ ഉള്ളതല്ല'- ഉമ്മൻചാണ്ടി പറയുന്നു.

തല്ലിയും തലോടിയും രമേശ്

അതൃപ്തി തുറന്നുപറഞ്ഞും നീരസം ഉള്ളിലൊതുക്കിയുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നതായും എന്നാൽ വേണ്ടത്ര ചർച്ചകൾ സംസ്ഥാന തലത്തിൽ നടന്നില്ല എന്നും രമേശ് കുറ്റപ്പെടുത്തി. രമേശിന്റെ പ്രതികരണം ഇങ്ങനെ;

' കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായി അംഗീകരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ കാണും. ഇക്കാര്യത്തിൽ കുറേക്കൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കേണ്ടതായിരുന്നു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചു കൊണ്ടുവരേണ്ടതായിരുന്നു. ഏതായാലും അത്തരം കൂടുതൽ ചർച്ചകൾ ഇനിയും സംസ്ഥാന തലത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. 14 ഡിസിസി പ്രസിഡണ്ടുമർക്കും പാർട്ടിയെ മുമ്പോട്ടുകൊണ്ടു പോകാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.

വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ലെന്ന് സത്യമാണ്. പക്ഷേ അതു പാലിക്കപ്പെട്ടിട്ടില്ല. ഉമ്മൻചാണ്ടിയോടും എന്നോടും പറഞ്ഞത് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ്. അതുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഹൈക്കമാൻഡിനെ സമീപിക്കേണ്ടി വന്നത്.'

മുരളിയുടെ അപ്രതീക്ഷിത പിന്തുണ

ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളി, സുധാകരനെ പിന്തുണച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ രംഗത്തെത്തി. വിശാലമായ ചർച്ച ഇത്തവണ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

'സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ഞാൻ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ല. എല്ലാവർക്കും അതിന്റെതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. പിന്നെ ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ പ്രായം എന്ന് പറയുന്നത് അവരൊക്കെ സീനിയേഴ്സ് ആണ്. നന്നായി പ്രവർത്തിക്കാൻ കഴിയുന്നവരാണ്. എം.പിമാരുമായും എം.എൽ.എമാരുമായും മുൻ പ്രസിഡന്റുമാരുമായും ചർച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്'- എന്നായിരുന്നു മുരളിയുടെ വാക്കുകൾ.

ശരശയ്യയിൽ സുധാകരൻ

ഡിസിസി പട്ടികയുടെ ചർച്ച നടക്കുന്ന വേളയിൽ തന്നെ ആരംഭിച്ച അസ്വാരസ്യങ്ങളാണ് ഇപ്പോൾ പൊട്ടിയൊലിച്ചത്. ആ വിയോജിപ്പുകൾക്ക് നേതൃത്വം നൽകുന്നത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. കെ സുധാകരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുമിതാണ്.

ഞായറാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ചർച്ച നടത്തിയിട്ടില്ല എന്ന ഉമ്മൻചാണ്ടിയുടെയും രമേശിന്റെയും ആരോപണങ്ങളെ സുധാകരൻ തള്ളി. ഉമ്മൻചാണ്ടിയെ പോലെ ഒരാൾ അങ്ങനെ പറഞ്ഞതിൽ വിഷമമുണ്ട് എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഭാരവാഹിപ്പട്ടികയിൽ മുൻകാലങ്ങളിൽ എത്ര ചർച്ച നടത്തിയെന്നും സുധാകരൻ ചോദിച്ചു.

കോൺഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ഇപ്പോഴും ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന്റെ വിയോജിപ്പുകളെ അവഗണിച്ച് മുമ്പോട്ടുപോകുക സുധാകരന് എളുപ്പമാകില്ല. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെ മുരളീധരന്റെയും പിന്തുണ സുധാകരന് കരുത്താകുകയും ചെയ്യും.


TAGS :

Next Story