Quantcast

മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമായില്ല; യു.ഡി.എഫ് യോഗം വൈകുന്നതിൽ ലീഗിന് അതൃപ്തി

മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന ലീഗ്, അതില്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യമുന്നയിക്കും.

MediaOne Logo

Web Desk

  • Published:

    15 Feb 2024 12:44 AM GMT

Congress dont take decision on UDF Third seat
X

കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ചർച്ച ചെയ്യാൻ തീരുമാനിച്ച യു.ഡി.എഫ് യോഗം ചേർന്നില്ല. സീറ്റ് നൽകുന്നതിലും, സമവായ ഫോർമുലയിലും കോൺഗ്രസ് അന്തിമ തീരുമാനത്തിൽ എത്താത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് യോഗം ഒഴിവാക്കിയത്. മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന ലീഗ്, അതില്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യമുന്നയിക്കും. തീരുമാനം വൈകുന്നതിൽ ലീഗിന് അതൃപ്തിയുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിലാണ് ലീഗ് മൂന്നാം സീറ്റ് ആവശ്യമുന്നയിച്ചത്. കഴിഞ്ഞ ദിവസം ചേരാൻ നിശ്ചയിച്ച യു.ഡി.എഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കാം എന്നായിരുന്നു കോൺഗ്രസ് നൽകിയ ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ലീഗ് നേതാക്കൾ നിർണായക യോഗത്തിനായി തിരുവനന്തപുരത്ത് എത്തി. യു.ഡി.എഫ് യോഗത്തിന്റെ പശ്ചാത്തലത്തിൽ ഇ. അഹമദ്, ബാഫഖി തങ്ങൾ അനുസ്മരണ പരിപാടിയും ലീഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.

എന്നാൽ അവസാന നിമിഷം യു.ഡി.എഫ് യോഗം ഒഴിവാക്കി. ലീഗിന് അധിക സീറ്റ് നൽകേണ്ടെന്ന ആലോചന കോൺഗ്രസിന് ഉണ്ടെങ്കിലും, പകരം ലീഗ് ഉന്നയിച്ചേക്കാവുന്ന രാജ്യസഭാ സീറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാനായിട്ടില്ല. ഇതോടെയാണ് യോഗം ഒഴിവാക്കിയത് എന്നാണ് സൂചന. നിയസഭ പിരിയാൻ വൈകിയതാണ് കാരണമായി പറയുന്നതെങ്കിലും യോഗം ഒഴിവാക്കിയതിലും തീരുമാനം വൈകുന്നതിലും ലീഗിന് അതൃപ്തിയുണ്ട്. അധിക സീറ്റായി ലീഗ് പരിഗണിച്ചിരുന്ന കണ്ണൂർ സീറ്റിൽ നിലവിലെ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരൻ മത്സരിക്കാൻ തയ്യാറാണ് എന്ന് വ്യക്തമാക്കിയതിലും ലീഗ് ആശയക്കുഴപ്പത്തിലായി. സുധാകരൻ മത്സരിക്കില്ലെന്നായിരുന്നു നേരത്തെയുള്ള നിലപാട്. എന്നാൽ വിഷയത്തിൽ ഔദ്യോഗിക തീരുമാനം വരുന്നത് വരെ പരസ്യ പ്രതികരണം വേണ്ട എന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

TAGS :

Next Story