Quantcast

'പുതിയ ഉത്തരവാദിത്തം ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താൻ ഉതകട്ടെ'; എം.എ ബേബിക്ക് ആശംസയുമായി രമേശ് ചെന്നിത്തല

ബേബിക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രം​ഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    6 April 2025 9:54 PM IST

Congress Leader Ramesh Chennithala Wishes MA Baby who Elected As CPM General Secretary
X

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറിയായ തെരഞ്ഞെടുക്കപ്പെട്ട എം.എ ബേബിക്ക് ആശംസയുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബേബിക്ക് അഭിനന്ദങ്ങൾ നേർന്ന ചെന്നിത്തല, ഒരുമിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലും പാർലമെൻ്റിലും ഇരുപക്ഷത്തായി തങ്ങൾ ഉണ്ടായിരുന്നതായും പറഞ്ഞു.

പുതിയ ഉത്തരവാദിത്തം ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താൻ ഉതകട്ടെ എന്നാശംസിക്കുന്നതായും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. മധുരയിൽ നടന്ന സിപിഎം പാർട്ടി കോൺ​ഗ്രസിലാണ് എം.എ ബേബിയെ സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന മലയാളിയാണ് എം.എ ബേബി.

ബേബിക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രം​ഗത്തെത്തിയിരുന്നു. ഇൻഡ്യ മുന്നണയുടെ ഭാഗമായി പ്രവർത്തിച്ച് വർഗീയ ശക്തികൾക്കെതിരെ എം.എ ബേബി കൃത്യമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും സതീശൻ പറഞ്ഞു. ബിജെപിയുമായി കോംപർമൈസ് ചെയ്താലും കോൺഗ്രസിനെ തകർക്കണമെന്ന് ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന പിണറായിയുടേയും കാരാട്ടിന്റെയും ദൂഷിത വലയത്തിൽപെട്ട് പോകരുതെന്നും മതേതര നിലപാടെടുത്ത് മുന്നോട്ടുപോവണമെന്നും സതീശൻ പറഞ്ഞു.

വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ തുടങ്ങി പാർലമെന്ററി രംഗത്തടക്കം കഴിവ് തെളിയിച്ച ശേഷമാണ് പാർട്ടിയുടെ അമരത്തേക്ക് എം.എ ബേബി എത്തുന്നത്. സംഘ്പരിവാറിനെതിരായ പോരാട്ടം മൂർച്ചിച്ചുനിൽക്കുന്ന സമയത്ത് പാർട്ടിയുടെ തലപ്പത്ത് ബേബിക്ക് വെല്ലുവിളികൾ ഏറെയാണ്. ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി എന്നത് പ്രസ്ഥാനം എം.എ ബേബിയിൽ അർപ്പിച്ച വിശ്വാസം കൂടിയാണ് വ്യക്തമാക്കുന്നത്.

ഇന്നലെയാണ് എം.എ ബേബിക്ക് 71 വയസ് തികഞ്ഞത്. പിറന്നാളിന്റെ പിറ്റേദിവസം വലിയൊരു മധുരമാണ് എം.എ ബേബിയെ കാത്തിരുന്നത്. സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി. ആ പദവിയിലേക്കുള്ള ബേബിയുടെ യാത്ര അത്രയ്ക്ക് സുഖമുള്ളതായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.1975ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റും 79ൽ അഖിലേന്ത്യാ അധ്യക്ഷനുമായി.

1983ല്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി. 84ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം. 86 മുതൽ 98 വരെ രാജ്യസഭാംഗമായി ബേബി തിളങ്ങി. 32ാം വയസിൽ ആദ്യം രാജ്യസഭയിൽ എത്തുമ്പോൾ രാജ്യത്തെ ഏറ്റവും ബേബിയായ രാജ്യസഭാംഗമായിരുന്നു ബേബി. 2006 വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി. കൊച്ചി മുസരീസ് ബിനാലയ്ക്ക് തുടക്കം കുറിച്ചതും കലാകാര ക്ഷേമനിധി നിയമം പാസാക്കിയതും ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമ നിർമാണത്തിലൂടെ സ്ഥാപിച്ചതും എല്ലാം ബേബിയുടെ കാലത്താണ്.


TAGS :

Next Story