Quantcast

മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ പ്രതിരോധത്തിലായി കോൺഗ്രസ്; ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിൽ കടുത്ത നടപടി

എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയിൽ ചൊവ്വന്നൂരിൽ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    28 Dec 2025 1:21 PM IST

മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ പ്രതിരോധത്തിലായി കോൺഗ്രസ്; ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിൽ കടുത്ത നടപടി
X

തൃശൂര്‍: മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ പ്രതിരോധത്തിലായ കോൺഗ്രസ് നടപടിയെടുത്ത് തലയൂരുന്നു.കാലുമാറിയവരെ അയോഗ്യരാക്കുമെന്ന്ജില്ലാ നേതൃത്വം പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ടെസിജോസിനെ പിന്തുണച്ചത് ബിജെപി കൂട്ടുകെട്ട് അറിയാതെയാണെന്ന് കോൺഗ്രസിൽ നിന്നും രാജിവച്ച വാർഡ് മെമ്പർ അക്ഷയ് പറഞ്ഞു.

മറ്റത്തൂരിൽ എട്ട് കോൺഗ്രസ് അംഗങ്ങളാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചത്. തുടർന്ന് കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച എട്ടു പേരെയും രണ്ടു വിമതരെയും പാർട്ടിയിൽ നിന്നും പുറത്താക്കി. ഇവരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.

കോൺഗ്രസ് ബിജെപി സഖ്യത്തെ പരിഹസിച്ചുകൊണ്ട് മറ്റത്തൂർ പഞ്ചായത്തിന് മുന്നിൽ ഡിവൈഎഫ് ഐ ഫ്ലക്സ് സ്ഥാപിച്ചു. കൈപ്പത്തിക്ക് മുകളിൽ താമര വച്ചിരിക്കുന്ന പോസ്റ്ററിൽ 'കോൺഗ്രസ് ജനത പാർട്ടി' എന്നും എഴുതിയിട്ടുണ്ട്.

അതിനിടെ സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജും രംഗത്ത് വന്നു. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപിയിൽ ലയിച്ചതെന്ന് എം.സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോൺഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂർ മുതൽ കുമരകം വരെ തെളിയിക്കുന്നുവെന്നുമായിരുന്നു സ്വരാജിന്റെ വിമർശനം.

അതേസമയം, ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിൽ കടുത്ത നടപടിയുമായി കോൺഗ്രസ്. രാജിവെക്കാതിരുന്ന വൈസ് പ്രസിഡന്റിനേയും പുറത്താക്കി.ഡിസിസി അംഗം വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ഡിസിസി അധ്യക്ഷൻ പറഞ്ഞു.കുമരകത്ത് ബിജെപി -കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി.

എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയിൽ ചൊവ്വന്നൂരിൽ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു.പിന്നാലെ രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റും വൈസ് പ്രസിഡന്റും വഴങ്ങിയില്ല. ഇതോടെ പ്രസിഡന്റായായ നിതീഷിനെയും ഉപാധ്യക്ഷയായ സെബേറ്റ വർഗീസിനെയും പുറത്താക്കി. സഖ്യത്തിൽ ഡിസിസി അംഗം വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടുദിവസത്തിനകം വിശദീകരണം നൽകാൻ നിർദേശം നൽകിയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു.

ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിൽ നിന്നും കൂറുമാറി എൽഡിഎഫിൽ ചേർന്ന കൗൺസിലറെ കോൺഗ്രസ് സസ്പെൻ്റ് ചെയ്തു.കൗൺസിലർ ഔസേപ്പിച്ചന് എതിരെയാണ് നടപടിയെടുത്തത്.


TAGS :

Next Story