Quantcast

വീണ്ടും സമരപ്പന്തലിലെത്തി നേതാക്കൾ; കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യൂ കുഴൽനാടൻ എം.എൽ.എയ്ക്കും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-05 04:32:44.0

Published:

5 March 2024 3:10 AM GMT

Congress protest in Kothamangalam in Idukki wild elephant attack, Idukki Indira death
X

കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായതിനു പിന്നാലെ ജാമ്യം ലഭിച്ചതോടെ സമരപ്പന്തലിലെത്തി വീണ്ടും പ്രതിഷേധം ആരംഭിച്ച് കോൺഗ്രസ് നേതാക്കൾ. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യൂ കുഴൽനാടൻ എം.എൽ.എ എന്നിവരെയാണ് ഇന്നലെ രാത്രി കോതമംഗലത്തെ സമരവേദിയിൽനിന്ന് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. എന്നാൽ, രാത്രിതന്നെ കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ വീണ്ടും സമരം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

വ്യക്തിപരമായി വേട്ടയാടാനാണ് ശ്രമമെന്നാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നേതാക്കൾ പ്രതികരിച്ചത്. പോരാട്ടം അവസാനിപ്പിക്കില്ല. പൊലീസ് വേട്ടയെ പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

മാത്യു കുഴൽനാടനും ഷിയാസിനും പുറമെ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മറ്റ് 13 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് വീണ്ടും പരിഗണിക്കും.

കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോതമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചുതകർത്തിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്തും വലിയ പ്രതിഷേധമുയർന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടാകുമെന്നും നേതാക്കളുടെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നറിയിപ്പ് നൽകിയത്. സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര(70) കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇവർ. ആനകളെ തുരത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനിടെയാണ് പ്രതിഷേധം ഏറ്റെടുത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് വൻ പ്രതിഷേധം നടന്നു. ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധം.

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് വൻ പൊലീസ് സന്നാഹമെത്തി വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയിൽനിന്നു പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോതമംഗലത്ത് പന്തൽകെട്ടി കോൺഗ്രസ് ഉപവാസസമരം ആരംഭിച്ചത്.

Summary: After getting bail in arrest for protesting with the dead-body of Indira who was killed in a wild elephant attack in Idukki, the Congress leaders reaches the protest site and restarts the protest

TAGS :

Next Story