Quantcast

പെട്ടി പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം

പെട്ടിപരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് എ.പി അനിൽകുമാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-06-14 07:07:15.0

Published:

14 Jun 2025 10:23 AM IST

Shafi-Rahul
X

നിലമ്പൂര്‍: പെട്ടി പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു. പരിശോധനയോട് പൂർണമായി സഹകരിച്ചു, എന്നാൽ പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാൻ പറഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്നും ഷാഫി പറഞ്ഞു.

പെട്ടി പരിശോധന മനഃപൂർവമായ അവഹേളനമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. അധികാരത്തിന്‍റെ ദുർവിനിയോഗമാണിത്. പാലക്കാടിന്‍റെ തനിയാവർത്തനമാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. എതിരാളികളെ ഒതുക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അതേരീതിയാണ് സംസ്ഥാന സർക്കാരിന്‍റേതെതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു.

പെട്ടി പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് എ.പി അനിൽകുമാർ പറഞ്ഞു. അപമാനിക്കപ്പെട്ടപ്പോൾ സ്വാഭാവിക പ്രതികരണമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഞങ്ങളുടെ പെട്ടി പരിശോധിച്ചാൽ എന്തെങ്കിലും തന്ന് പോകാൻ തോന്നുമെന്നും അനിൽകുമാർ പരിഹസിച്ചു. ദിവസവും വടപുറം വഴി പോകാറുഉള്ള തന്നെ ഇന്ന് മാത്രമാണ് പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പല നാടകങ്ങളും കാണുമെന്നായിരുന്നു നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കളുടെ വാഹനം പരിശോധിക്കരുതെന്ന നിയമം ഉണ്ടാക്കുകയേ നിവർത്തിയുള്ളൂവെന്നും സ്വരാജ് പറഞ്ഞു. യുഡിഎഫ് ആരോപണങ്ങൾ പൊളിഞ്ഞപ്പോഴാണ് ഇത്തരം വിവാദങ്ങൾ വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ''ഒരു രാഷ്ട്രീയവും പറയാനില്ല. ഉന്നയിച്ച ആരോപണങ്ങൾ പൊളിഞ്ഞപ്പോൾ ഒന്നും പറയാനില്ലാത്തപ്പോഴാണ് ഇത്തരം വിവാദങ്ങൾ വരുന്നത്. പരിശോധനയുടെ ഭാഗമായി നിരവധി വാഹനങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഇലക്ഷൻ കമ്മീഷന്‍റെ ഭാഗമായി നടക്കുന്ന പ്രക്രിയയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇടപെടില്ല. ആരെയും ഭീഷണിപ്പെടുത്താൻ പാടില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് താന്തോന്നിത്തരമാണ്. എന്തെങ്കിലും മറച്ചുവെക്കാനുള്ള വർക്ക് പരിശോധിക്കുന്നതിന് ഭാഗമായി പ്രതിഷേധവും അമർഷവും വരാം'' ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെ കാറിലെ പരിശോധന രാഷ്ട്രീയ ആയുധമാക്കേണ്ടതില്ലതെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സ്ഥാനമുണ്ടെങ്കിൽ എന്തുമാകാം എന്ന തോന്നലാണ് ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും . തോൽവി ഭയന്ന് വിഷയങ്ങൾ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്നും മന്ത്രി ആരോപിച്ചു. അഹങ്കാരത്തോടും ധിക്കാരത്തോട് കൂടെ പൊലീസിനോട് പെരുമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം നടത്താറുണ്ട്.രാധാകൃഷ്ണൻ എംപിയെയും പരിശോധിച്ചിരുന്നു. പൊലീസിനോട് സഹകരിക്കാൻ തയ്യാറാവണം. പരിശോധിച്ചാൽ എന്തു കുഴപ്പം? വെല്ലുവിളിക്കാൻ ഇവരാര് എന്നും മന്ത്രി ചോദിച്ചു.

ഇന്നലെ രാത്രിയാണ് നിലമ്പൂരിൽ യുഡിഎഫ് നേതാക്കളുടെ വാഹനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കുട്ടത്തിലിൻ്റെയും പി.കെ ഫിറോസിന്‍റെയും കാറിലായിരുന്നു പരിശോധന. വാഹനത്തിലെ പെട്ടിയും തെരഞ്ഞെടുപ്പ് സ്ക്വാഡ് പുറത്ത് വെച്ച് പരിശോധിച്ചു.


TAGS :

Next Story