രാഹുൽ പുറത്തേക്ക്; പ്രഖ്യാപനം ഉടൻ
രാഹുൽ പാർട്ടിയിൽ തുടരുന്നതിൽ കേരളത്തിലെയും ഹൈക്കമാൻഡിലേയും നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.

Photo| Special Arrangement
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസിൽ നിന്ന് പുറത്തേക്ക്. രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകും. നടപടി വ്യക്തമാക്കാൻ കെപിസിസി അധ്യക്ഷൻ അൽപസമയത്തിനകം മാധ്യമങ്ങളെ കാണും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നിലപാട് കടുപ്പിക്കുന്നത്.
വ്യക്തിയെന്ന നിലയ്ക്ക് രാഹുൽ ചെയ്യുന്ന കാര്യങ്ങൾക്ക് പാർട്ടി ബാധ്യതയേറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്. രാഹുൽ പാർട്ടിയിൽ തുടരുന്നതിൽ കേരളത്തിലെയും ഹൈക്കമാൻഡിലേയും നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കൂടി പരാതി ലഭിച്ച സാഹചര്യത്തിൽ രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാൻ കെപിസിസിക്ക് മേൽ സമ്മർദം ശക്തമാവുകയായിരുന്നു. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കെപിസിസി നേതാക്കളുമായി സംസാരിക്കുകയും ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.
രാഹുലിനെ പുറത്താക്കിയില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി കടുത്ത നടപടി തന്നെ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാഹുലിനെ പുറത്താക്കുമെന്ന സൂചന നൽകി കെ. മുരളീധരൻ രംഗത്തെത്തുകയും ചെയ്തിരുന്നു. രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പുറത്തെടുക്കുമെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

