ഗുണ്ടാ മാഫിയകളുമായി ബന്ധം; പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവിനെതിരെ നടപടി
തിരുവനന്തപുരം നഗരൂർ സ്റ്റേഷനിലെ വൈ.അപ്പുവിനെ യാണ് എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധത്തെ തുടര്‍ന്ന് പൊലിസ് അസോസിയേഷൻ സംസ്ഥാന നേതാവിനെ സ്ഥലംമാറ്റി.. തിരുവനന്തപുരം നഗരൂർ സ്റ്റേഷനിലെ സിപിഒ , വൈ. അപ്പുവിനെയാണ് റൂറല്‍ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയത്. ഗുണ്ടാ ബന്ധം കണ്ടെത്തിയ റൂറലിലെ രണ്ട് പൊലീസുകാരെക്കൂടി സ്ഥലം മാറ്റിയിട്ടുണ്ട്.
പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും നഗരൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെയാണ് സ്ഥലംമാറ്റിയത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ് പി D ശില്‍പയുടേതാണ് നടപടി. തിരുവനന്തപുരം റൂറല്‍ മേഖലയിലെ വിവിധ ഇടങ്ങളിലെ ഗുണ്ടാ, മണല്‍ മാഫിയയുമായി അപ്പുവിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മംഗലപുരം, പോത്തന്‍കോട്, മലയന്‍കീഴ് സ്റ്റേഷനുകളില്‍ ജോലി നോക്കവേ വിവിധ ഗുണ്ടാ മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പല കേസുകളും ഒത്തുതീര്‍പ്പാക്കാന്‍ അപ്പു ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് അപ്പു ഉള്‍പ്പെടെ മൂന്ന് പേരെ ക്രമസമാധാന ചുമതലകളില്‍ നിന്ന് മാറ്റാന്‍ എസ് പി ഉത്തരവിട്ടത്. നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീഷ്, പാറശാല സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ദീപു എന്നിവരാണ് നടപടി നേരിട്ട മറ്റ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം റൂറല്‍ മേഖലയില്‍ പൊലീസ്-ഗുണ്ടാ ബന്ധം സജീവമാണെന്ന ആക്ഷേപം ശക്തമാണ്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണെയും മംഗലപുരം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയും ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.. കൂടാതെ മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു.
Adjust Story Font
16

