കണ്ടെയ്നറുകൾ നീക്കുന്നത് പാളി; കടലിലൂടെ പോർട്ടിലേക്ക് എത്തിക്കാനാകില്ല
റോഡുകളുടെ വീതി കുറവും തിരിച്ചടിയായി

കൊല്ലം: ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെ കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ നീക്കുന്നത് വൈകും. കടലിലൂടെ കൊല്ലം പോർട്ടിലേക്ക് എത്തിക്കാനുള്ള നീക്കം നടത്തിയെങ്കിലും അതു പാളിയിരുന്നു. മോശം കാലാവസ്ഥയാണ് പ്രതിസന്ധിയായത്. ശക്‌തമായ തിരമാലയും കാറ്റും വെല്ലുവിളിയായി.
അതെസമയം, കണ്ടെയ്നറുകൾ അടിഞ്ഞ സ്ഥലത്തെ റോഡുകൾക്ക് വീതി കുറവായതിനാൽ കര മാർഗ്ഗവും മാറ്റാനാകില്ല. കണ്ടെയ്നറുകൾ പൊളിച്ച് കൊണ്ടുപോകാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഇതിനായി കസ്റ്റംസിന്റെ അനുമതി തേടും. തീരത്ത് വച്ച് കണ്ടെയ്നർ മുറിച്ച് ചെറു കഷണങ്ങളാക്കി കൊണ്ടുപോകാനാണ് നീക്കം. ഇതുവരെ കൊല്ലത്ത് അടിഞ്ഞത് 35 കണ്ടെയ്നറുകളാണ്. ഇന്നലെ മാത്രം 32 കണ്ടെയ്നറുകളാണ് അടിഞ്ഞത്. ഇന്ന് 3 എണ്ണം കൂടി അടിഞ്ഞു.
കണ്ടെയ്നറുകൾ നീക്കാൻ കമ്പനി നിയോഗിച്ച ഏഴ് റസ്ക്യൂ ടീമുകൾ കൊല്ലത്ത് എത്തുമെന്നും റസ്ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കിയിരുന്നു. സാഹചര്യങ്ങൾ പ്രതികൂലമായതോടെയാണ് തിരിച്ചടിയായത്.
24-ാം തീയതി രാത്രിയാണ് കൊല്ലം ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നറിൽ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാർഡിൻ്റെ സക്ഷം കപ്പൽ പുറങ്കടലിലുണ്ട്. കപ്പൽ മുങ്ങിയ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വച്ച് നിർത്താൻ ജില്ലാ കലക്ടർ അലക്സ് വർഗീസ് നിർദേശം നൽകിയിരുന്നു.. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന ആശങ്കയും ഉയർന്നിരുന്നു. ജല വിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ 24-നാണ് പൊഴിമുറിക്കൽ ആരംഭിച്ചത്.
Adjust Story Font
16

