Quantcast

'വിവാദം അനാവശ്യം'; നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണവുമായി ഗവർണർ

അർധസത്യങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നും ലോക്ഭവൻ ഇറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-20 11:12:37.0

Published:

20 Jan 2026 3:19 PM IST

വിവാദം അനാവശ്യം; നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണവുമായി ഗവർണർ
X

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തെചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് ഗവർണറുടെ വിശദീകരണം. അർധസത്യങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. ഭേദഗതി വരുത്തി അയക്കാമെന്ന് സർക്കാർ പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും ലോക്ഭവൻ ഇറക്കിയ വിശദീകരണത്തിൽ പറയുന്നു.

'അര്‍ധ അസത്യങ്ങളും നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവൻ ആവശ്യപ്പെട്ടിരുന്നു. അതിനനുസൃതമായി ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സർക്കാരില്‍ നിന്നുണ്ടായ പ്രതികരണം. മാത്രമല്ല, ലോക്ഭവൻ നിര്‍ദ്ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു തരാമെന്ന സൂചനയും നല്കിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താൻ നിര്‍ദ്ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയിൽ വായിച്ചത്.

നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രിംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം . ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്‍റെ നിലപാട്.

കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടിൽ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവൻ നിര്‍ദ്ദേശിച്ചിരുന്നു'. പകരം മുന്‍കൂര്‍ തുകകൾ നിഷേധിക്കുന്നതിന്‍റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിര്‍ദ്ദേശിച്ചിരുന്നതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയിരുന്നത്. കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങളിൽ ഗവർണർ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 12, 15 ഖണ്ഡികകളിലെ ഓരോ വാചകങ്ങളാണ് ഒഴിവാക്കിയത്.ഖണ്ഡിക 16 ലെ വാചകത്തിൽ "എന്റെ സർക്കാർ കരുതുന്നു" എന്നും ഗവർണർ കൂട്ടിച്ചേർത്തിരുന്നു.

നിയമസഭയിലെ നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള വിമർശനവും ഗവർണർ വായിച്ചിരുന്നു ..കേന്ദ്ര വിഹിതം 60 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണം. കേന്ദ്ര വിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ധത്തിലാക്കുന്നു. ന്യായീകരണമില്ലാത്ത വെട്ടികുറയ്ക്കലാണ് കേന്ദ്ര സര്‍ക്കാര്‍‌ നടത്തിയതെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍‌ലേക്കര്‍ നയപ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തി.


TAGS :

Next Story