Quantcast

ധനരാജ് വധക്കേസ്: പ്രോസിക്യൂഷനെ കുടഞ്ഞ് കോടതി, 'തെളിവുകള്‍ക്ക് പകരം രാഷ്ട്രീയ വൈരാഗ്യം'

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിസ്തരിച്ച സാക്ഷികളെല്ലാം ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    25 Nov 2026 7:22 PM IST

ധനരാജ് വധക്കേസ്: പ്രോസിക്യൂഷനെ കുടഞ്ഞ് കോടതി, തെളിവുകള്‍ക്ക് പകരം രാഷ്ട്രീയ വൈരാഗ്യം
X

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പയ്യന്നൂരിലെ ധനരാജ് വധക്കേസില്‍ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തി തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ വിധിപ്പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. നിയമപരമായ തെളിവുകള്‍ക്ക് പകരം രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചതെന്നും കോടതി വിമര്‍ശിച്ചു. കേസിലെ 20 പ്രതികളില്‍ മൂന്ന് പേരെ മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 16 പേരെ വിട്ടയച്ചു. ഒരാള്‍ വിചാരണ കാലയളവില്‍ കൊല്ലപ്പെട്ടിരുന്നു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിസ്തരിച്ച സാക്ഷികളെല്ലാം ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഒരുമിച്ചുകൂടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതാനാകില്ല. പ്രതികള്‍ തമ്മില്‍ കൊലപാതകം നടത്താന്‍ ധാരണയോ ഒത്തുതീര്‍പ്പോ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതില്‍ അസാധാരണമായ കാലതാമസമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. മൊഴികളിലൊന്നും കൊലപാതകം നടത്താനുള്ള വ്യക്തമായ ഉദ്ദേശ്യമോ പ്രതികള്‍ തമ്മിലുള്ള ധാരണയോ തെളിയുന്നില്ല. സാക്ഷിമൊഴികള്‍ മാത്രം അടിസ്ഥാനമാക്കി ഗൂഢാലോചന തെളിയിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് പകരം രാഷ്ട്രീയ വൈരാഗ്യത്തെ മുന്‍നിര്‍ത്തിയാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഉന്നയിച്ചത്. ഇത്തരം വാദങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിലെ വീഴ്ചകളും തെളിവുകളുടെ അപര്യാപ്തതയും കേസിന്റെ വിചാരണയില്‍ നിര്‍ണായകമായെന്നാണ് വിധിപ്പകര്‍പ്പിലെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.

പയ്യന്നൂര്‍ രാമന്തളി കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ (41) വീടിനുമുന്നില്‍ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവര്യന്തം തടവാണ് കോടതി വിധിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാംപ്രതി പയ്യന്നൂര്‍ രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയില്‍ ടി.പി ബിജു (34), രണ്ടാംപ്രതി രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരന്‍ വീട്ടില്‍ എം. വിപിന്‍ (34), സഹോദരന്‍ എം. വൈശാഖ് (31) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ശിക്ഷാവിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു.

TAGS :

Next Story