മാർക്ക് ദാനം എതിർത്ത അധ്യാപികക്കെതിരെ പ്രതികാര നടപടി എന്ന വാര്‍ത്ത: മീഡിയവണിനെതിരായ കേസ് ചെലവ് സഹിതം തള്ളി കോടതി
എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡയാന നൽകിയ കേസാണ് കോടതി ചെലവ് സഹിതം തള്ളിയത്.

കോഴിക്കോട്: മീഡിയവണിനെതിരായ കേസ് ചെലവ് സഹിതം തള്ളി കോടതി. എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡയാന നൽകിയ കേസാണ് കോടതി ചെലവ് സഹിതം തള്ളിയത്.
എസ്എഫ്ഐ നേതാവിന് പത്ത് വർഷത്തിന് ശേഷം മാർക്ക് ദാനം നല്‍കിയത് എതിർത്ത അധ്യാപികക്കെതിരെ പ്രതികാര നടപടി എന്നതായിരുന്നു വാർത്ത. മീഡിയവണ്‍ നല്‍കിയത് പൊതുകാര്യ പ്രസക്തമായ വാർത്തയാണെന്ന് കോടതി പറഞ്ഞു.
കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയുടേതാണ് നടപടി. വാർത്ത അഭിപ്രായ സ്വാതന്ത്യത്തിന്റെ ദുരുപയോഗമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.
2009ല്‍ എംഎ വുമണ്‍ സ്റ്റഡീസില്‍ പഠിച്ചിരുന്ന എസ്എഫ്ഐ നേതാവിന് 10 വർഷത്തിന് ശേഷം മാർക്ക് ദാനം നല്‍കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം വിവാദമായിരുന്നു. ആ തീരുമാനത്തെ എതിർത്തതിന്റെ പേരില്‍ യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ മോളി കുരുവിള പ്രതികാര നടപടി നേരിട്ടതിനെക്കുറിച്ചാണ് മീഡിയവണ്‍ വാർത്ത നല്‍കിയത്.
മാർക്ക്ദാനം അടിസ്ഥാനരഹിതമാണെന്നും വാർത്ത മാനനഷ്ടമുണ്ടാക്കിയെന്നും കാണിച്ചാണ് എസ്എഫ് ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ ഡയാന, കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. കേസില്‍ വിശദമായ വാദം കേട്ട കോടതി, മീഡിയവണ്‍ നല്‍കിയത് വാർത്താമൂല്യമുള്ള പൊതുവിഷയമാണെന്ന് വിലയിരുത്തി. മാർക്ക് ലഭിച്ച പരാതിക്കാരുടെ പേരുപോലും പരാമർശിക്കാതെയായിരുന്നു മീഡിയവണ്‍ വാർത്തയെന്നും കോടതി എടുത്തു പറഞ്ഞു.
വാർത്ത, അഭിപ്രായ സ്വാതന്ത്യത്തിന്റെ ദുരുപയോഗമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി, ഹരജി ചിലവടക്കം തള്ളുകയാണെന്ന് ഉത്തരവിട്ടു. എംഎ വിമണ്‍ സ്റ്റഡീസ് പഠിച്ച പരാതിക്കാരിക്ക് 21 മാർക്കാണ് യൂണിവേഴ്സിറ്റി ദാനം നല്‍കിയത്. മീഡിയവണിനു വേണ്ടി അഡ്വക്കേറ്റ് അമീൻ ഹസൻ ഹാജരായി.
Adjust Story Font
16

