പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
പരാതി കിട്ടിയ അന്ന് മുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു.

Photo| Special Arrangement
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.
ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രതി ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് സംഭവം. കേസിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അടക്കം നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയിരുന്നു. ഒടുവിൽ 2021ൽ ഡിവൈഎസ്പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.
യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചതായി 2020 മാർച്ച് 17നാണ് പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പരാതി കിട്ടിയ അന്ന് മുതൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു.
ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനവിവരം പെൺകുട്ടി സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുൻ അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
പ്രതിക്കെതിരെ തെളിവില്ലെന്നും കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നുമായിരുന്നു ആദ്യം അന്വേഷിച്ച പാനൂർ പൊലീസിന്റെ കുറ്റപത്രം. ഇതിനെതിരെ കുട്ടിയുടെ മാതാവ് ആഭ്യന്തരവകുപ്പിന് പരാതി നൽകി. തുടർന്ന് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചെങ്കിലും അവരും സമാനമായി പ്രതിയെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടത്തിയത്.
ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയരുകയും കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട കർമസമിതി രംഗത്തെത്തുകയും മാതാവ് ഹൈക്കോടതിയിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നിയമിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കുറ്റപത്ര പ്രകാരമാണ് ഇപ്പോൾ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ച് ദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടി മുതലും ഹാജരാക്കി.
Adjust Story Font
16

