മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറി കോടതി
ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്ഐഒ കഴിഞ്ഞയാഴ്ച കുറ്റപത്രം സമർപ്പിച്ചത്.

കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇഡിക്ക് കൈമാറി. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം ഇഡി തുടർനടപടി സ്വീകരിക്കും.
ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്ഐഒ കഴിഞ്ഞയാഴ്ച കുറ്റപത്രം സമർപ്പിച്ചത്. കമ്പനികാര്യ വകുപ്പിലെ 144, 145, 447 അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ അഡീഷനൽ സെഷൻസ് കോടതി അംഗീകരിക്കുകയും കുറ്റപത്രം ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കുറ്റപത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി ഇഡിയുടെ അഭിഭാഷകന് നൽകിയത്. കുറ്റപത്രത്തിന്റെ പരിശോധിച്ച് മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് നോട്ടീസ് അയയ്ക്കാനാണ് ഇഡി നീക്കം. കേസിൽ 11ാം പ്രതിയാണ് ടി. വീണ.
കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയടക്കം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ചതോടെയാണ് വീണ്ടും അന്വേഷണം നടത്താൻ ഇഡി തീരുമാനിച്ചത്. നേരത്തെ ഇഡി എസ്എഫ്ഐഒയോട് കേസിന്റെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് തുടർനടപടികളിലേക്ക് കടന്നത്. മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡി പറയുന്നത്.
പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസിൽ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ കർണാടക ഹൈക്കോടതിയിൽ ഈ കേസ് വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞയാഴ്ച എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് കേസെടുത്തേക്കുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
കേസിൽ ടി. വീണയെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകിയിരുന്നു. സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്‌സാലോജിക് കമ്പനിക്കാണ് പണം നൽകിയിരിക്കുന്നത്. ഒരു സേവനവും നൽകാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.
Adjust Story Font
16

