കോവിഡ്: പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷം കടക്കും; നിയന്ത്രങ്ങൾ കർശനമാക്കി സംസ്ഥാനങ്ങൾ
കേരളത്തിൽ രോഗികൾ അയ്യായിരത്തിന് മുകളിൽ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് ആരോഗ്യവകുപ്പ്. ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കും. മൂന്നാം തരംഗത്തിൻറെ സൂചന നൽകിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിൻറെ വിലയിരുത്തൽ.
മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. രാവിലെ അഞ്ച് മുതൽ രാത്രി 11 വരെയാണ് നിയന്ത്രങ്ങൾ.രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതി.
ഹിമാചൽ പ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 26 വരെ അടച്ചു. മെഡിക്കൽ,നഴ്‌സിംങ് കോളജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറൻറൈൻ നിർബന്ധമാക്കിയുള്ള കേന്ദ്ര സർക്കാർ ഉത്തരവ് നാളെ മുതൽ നിലവിൽ വരും.അതിനിടെ കോവാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്
അതേ സമയം സംസ്ഥാനത്തും കോവിഡ് കേസുകൾ വർധിക്കുകയാണ് ഇന്നലെയും രോഗബാധിതരുടെ എണ്ണം 5000 ന് മുകളിൽ തന്നെയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷം ടി.പി.ആർ പത്തിലേക്ക് അടുക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഒമിക്രോൺ രോഗികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. 23 പേർക്ക് കൂടി ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 16 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും നാലു പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ലോ റിസ്‌ക് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി കാണുന്നുണ്ട്.രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട് നിന്ന് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത്ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 328 ആയി.
Adjust Story Font
16

