Quantcast

നിയമസഭ തെരഞ്ഞെടുപ്പ്; തിരുവമ്പാടിയിൽ കണ്ണുവച്ച് സി.പി ജോൺ

ബേപ്പൂർ സീറ്റ് പി.വി അന്‍വറിന് നൽകാനാണ് യുഡിഎഫിലെ പ്രാഥമിക ധാരണ

MediaOne Logo

Web Desk

  • Updated:

    2026-01-09 05:22:13.0

Published:

9 Jan 2026 8:14 AM IST

നിയമസഭ തെരഞ്ഞെടുപ്പ്; തിരുവമ്പാടിയിൽ കണ്ണുവച്ച് സി.പി ജോൺ
X

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ സിഎംപി നേതാവ് സി.പി ജോണ്‍ തിരുവമ്പാടിയില്‍ മത്സരിക്കാന്‍ സാധ്യത. മുസ്‌ലിം ലീഗ് സീറ്റ് വിട്ടു നൽകുന്നത് അനുസരിച്ചാകും തീരുമാനം. കുന്ദമംഗലം ,ബേപ്പൂർ സീറ്റുകള്‍ മുസ്‌ലിം ലീഗും കോൺ​ഗ്രസും വെച്ചുമാറിയേക്കും. കുന്ദമംഗലം സിഎംപിക്ക് കൊടുത്ത് നെന്മാറ കോൺ​ഗ്രസ് ഏറ്റെടുക്കുന്നതും ആലോചനയിലുണ്ട്.

സി.പി ജോണിന് മത്സരിക്കാനായി തിരുവമ്പാടി സീറ്റ് ലീഗിനോട് ചോദിക്കാന്‍ സിഎംപി ആലോചിക്കുന്നുണ്ട്. മുന്നണി ബന്ധവും ജോണിനോടുള്ള താല്പര്യവും പരിഗണിച്ച് ആവശ്യം ലീഗ് അനുഭാവപൂർവം പരിഗണിക്കുമെന്നാണ് സിഎംപി പ്രതീക്ഷിക്കുന്നത്. സാമുദായിക സമവാക്യം കൂടി ഒത്തുവരുന്നതിനാല്‍ തിരുമ്പാടിയില്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

തിരുവമ്പാടി സീറ്റ് ഏറ്റെടുക്കണമെന്ന ആഗ്രഹം കോൺ​ഗ്രസിനുണ്ട്. സാമുദായിക സമവാക്യം പരിഗണിച്ച് സ്ഥാനാർഥിയെ നിർണയിച്ചാല്‍ വിജയം ഉറപ്പെന്നാണ് കോൺ​ഗ്രസ് കരുതുന്നത്. സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ലീഗില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. മണ്ഡലത്തില്‍ മത്സരിക്കാനായി സി.കെ കാസിം അടക്കമുള്ള നേതാക്കളും തയാറെടുപ്പിലാണ്. താമരശ്ശേരി രൂപതയുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാല്‍ വിജയസാധ്യതക്ക് കോട്ടം തട്ടില്ലെന്നാണ് ലീഗ് കണക്ക് കൂട്ടല്‍.

ബേപ്പൂർ സീറ്റ് പി.വി അന്‍വറിന് നൽകാനാണ് യുഡിഎഫിലെ പ്രാഥമിക ധാരണ. പി.വി അന്‍വറിന് അല്ലെങ്കില്‍ ബേപ്പൂർ സീറ്റ് ലീഗിന് നല്കി കുന്ദമംഗലം കോൺ​ഗ്രസ് ഏറ്റെടുക്കാന്‍ ആലോചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫറൂഖിലും രാമാനാട്ടുകരയിലെ കടലുണ്ടിയിലും കോർപറേഷന്‍ വാർഡുകളിലും ലീഗ് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്.

കുന്ദമംഗലം സീറ്റ് സിഎംപിക്ക് കൊടുത്ത് പാലക്കാട്ടെ നെന്മാറ ഏറ്റെടുക്കാനും കോൺ​ഗ്രസ് ആലോചനയുണ്ട്. കുന്ദമംഗലം സീറ്റ് സിഎംപിക്ക് ലഭിച്ചാല്‌ എംവിആർ കാന്‍സർ സെന്റർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എന്‍ വിജയകൃഷ്ണനാകും സ്ഥാനാർഥി. സിഎംപി അല്ലെങ്കില്‍ കാന്തുപരം വിഭാഗവുമായി നല്ല ബന്ധമുള്ള ഒരു നേതാവിനെ കോൺ​ഗ്രസ് കുന്ദമംഗലത്ത് മത്സരംഗത്തിനിറക്കും.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ട് സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് നിലനിർത്താനായാല്‍ എട്ട് മുതല്‍ 10 സീറ്റുവരെ ജയിച്ചേക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വിജയസാധ്യത മുന്‍നിർത്തിയുള്ള സീറ്റ് മാറ്റവും സമവാക്യങ്ങളുമാണ് യുഡിഎഫ് ആലോചിക്കുന്നത്.

TAGS :

Next Story