പിഎം ശ്രീ; എം.എ.ബേബിയുമായി ഡി.രാജ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും
പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചിരുന്നു

ഡി.രാജ Photo: Special arrangement
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് സിപിഐ തീരുമാനം. നിലവിൽ ചെന്നൈയിലുള്ള ബേബി ഉച്ചയോടെ ഡൽഹിയിൽ മടങ്ങിയെത്തും.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചെന്ന ടുത്ത അമർഷവും സിപിഐ നേതൃത്വത്തിനുണ്ട്. ഡൽഹിയിൽ ഇന്ന് ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലും പി.എം ശ്രീ പ്രധാന ചർച്ചയാകും.
നേരത്തെ, പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചിരുന്നു. മുന്നണി മര്യാദകൾ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
മറ്റന്നാളാണ് നിർണായകമായ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. അതിനുമുന്നേ സിപിഐയെ അനുനയിപ്പിക്കാൻ ആണ് സിപിഎം നീക്കം. അനുനയത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കേ അതിവേഗം പ്രശ്നപരിഹാരത്തിനാണ് നീക്കം. എന്നാൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയല്ലാതെ മറ്റൊരു അനയത്തിനും ഇല്ലെന്നാണ് സിപിഐ നിലപാട്. അതിനിടയാണ് അവസാനം ചേർന്ന മന്ത്രിസഭായോഗത്തിനും ഒരാഴ്ച മുമ്പ് കരാർ ഒപ്പിട്ടെന്ന രേഖകൾ പുറത്തുവന്നത്. ഇതും സിപിഐയെ കൂടുതൽ പ്രകോപിച്ചിട്ടുണ്ട്.
Adjust Story Font
16

