തുറയൂരിലേത് പ്രാദേശിക തർക്കം, മറ്റിടങ്ങളിൽ ബാധിക്കില്ല; സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്
തുറയൂരിൽ സിപിഐ ഒറ്റക്ക് മത്സരിക്കേണ്ടി വന്നാലും മറ്റ് ഇടങ്ങളിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് തുറയൂരിലേത് പ്രാദേശിക തർക്കമെന്ന് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ്. തുറയൂരിലെ മുന്നണി തർക്കം മറ്റിടങ്ങളിൽ ബാധിക്കില്ല. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും ഗവാസ് മീഡിയവണിനോട് പറഞ്ഞു. തുറവൂരിൽ സിപിഎമ്മിനെതിരെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനുള്ള സിപിഐ തീരുമാനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
കോഴിക്കോട് ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങളിലും ഇടതുപക്ഷ കാഴ്ചപ്പാടോടെ ഐക്യത്തിൽ മത്സരിക്കണമെന്ന താല്പര്യത്തോടെയാണ് സിപിഐ മുന്നോട്ട് പോകുന്നത്. ജില്ലയിൽ 90 ഇടങ്ങളിലും ഐക്യ ശ്രമങ്ങളെല്ലാം വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എന്നാൽ തുറയൂരിൽ കാര്യങ്ങൾ വ്യത്യസ്‍തമാണെന്നും അവിടെ സിപിഐ ഒറ്റക്ക് മത്സരിക്കേണ്ടി വന്നാലും മറ്റ് ഇടങ്ങളിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥികളെ പിന്തുണക്കുമെന്നും ഗവാസ് പറഞ്ഞു.
സിപിഐ വളരെ ചുരുക്കം ചില വാർഡുകളിൽ മാത്രമാണ് മത്സരിക്കുന്നതെന്നും അതിന് പുറമെയുള്ള വാർഡുകളിൽ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുമെന്നും ഗവാസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സീറ്റും ജില്ലാ പഞ്ചായത്ത് ഡിവിഷനും ആർജെഡി മത്സരിക്കുന്ന സ്ഥലങ്ങളാണ് അവിടെ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ സിപിഐ കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

