എൽഡിഎഫിലേക്ക് വലയെറിഞ്ഞ് യുഡിഎഫ്; 'സിപിഐ യുഡിഎഫിൻ്റെ ഭാഗമാവണമെന്നാണ് ആഗ്രഹം; ചില നേതാക്കളുമായി ആശയവിനിമയം നടത്തി'- അടൂർ പ്രകാശ്
'പിണറായി സർക്കാരിന് ഉണ്ടായ അയ്യപ്പ കോപം യുഡിഎഫിന് ഗുണം ചെയ്യും'

തിരുവനന്തപുരം: സിപിഐ യുഡിഎഫിൻ്റെ ഭാഗമാവണമെന്നാണ് ആഗ്രഹമെന്നും സിപിഐയുടെ ചില നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മീഡിയ വണിനോട്. ആശയവിനിമയം നടത്തിയവർ പോസിറ്റീവ് നിലപാടാണ് സ്വീകരിച്ചത്. മുന്നണി പ്രവേശം സംബന്ധിച്ച് സി.കെ.ജാനു യുഡിഎഫിനെ സമീപിച്ചിട്ടില്ല. സമീപിച്ചാൽ അക്കാര്യം ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
പിണറായി വിജയൻ ശബരിമലയെ തകർക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രിയാണെന്നും ശബരിമല സ്വർണ്ണ കവർച്ച ഇതിൻ്റെ ഭാഗമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണ്. അയ്യപ്പനെ തൊട്ടു കളിച്ചവരാരും രക്ഷപ്പെട്ടിട്ടില്ല, പിണറായി സർക്കാരിന് ഉണ്ടായ അയ്യപ്പ കോപം യുഡിഎഫിന് ഗുണം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. ജി സുകുമാരൻ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമാണ്. സമുദായ അംഗങ്ങളുടെ നിലപാട് അതായിരിക്കില്ല. അവരുടെ നിലപാട് അണികൾ ഏറ്റെടുക്കില്ല.
വിശ്വാസ സമൂഹം യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിൻ്റെ മുന്നണി പ്രവേശത്തിൽ നേതാക്കളുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചുവെന്നും അതിൻ്റെ വിശദാംശങ്ങൾ ഇപ്പോൾ പങ്കുവെക്കാൻ സാധിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
Adjust Story Font
16

