വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്ര സിപിഎം പ്രവർത്തകർ അലങ്കോലമാക്കിയതായി പരാതി
കണ്ണൂർ ജില്ലയിലെ കവിയൂരിലാണ് സിപിഎം പ്രവർത്തകർ സാഹോദര്യ പദയാത്ര അലങ്കോലമാക്കിയത്.

തലശ്ശേരി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രയുടെ പ്രചാരണാർഥം പഞ്ചായത്ത് കമ്മിറ്റി ഇന്ന് വൈകുന്നേരം നടത്തിയ പദയാത്ര കവിയൂരിൽ സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി. അനൗൺസ്‌മെന്റ് വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് വണ്ടി മാറ്റിയിടാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. വണ്ടി മുന്നിലേക്ക് മാറ്റിയിട്ടപ്പോൾ മൂന്നുപേർ ഇറങ്ങിവന്ന് ഇവിടെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്ന് നിങ്ങൾ വർഗീയ പാർട്ടിയാണെന്നും ആരോപണം ഉന്നയിച്ച ചീത്തവിളിച്ചെന്ന് പ്രവർത്തകർ പറഞ്ഞു.
പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ ജില്ലാ ജനറൽ സെക്രട്ടറി സി കെ മുനവ്വറും ജില്ലാ സെക്രട്ടറി ഷാജഹാൻ എച്ചേരിയും സിപിഎം പ്രവർത്തകരുമായി സംസാരിച്ചെങ്കിലും പരിപാടി നടത്താൻ അനുവദിച്ചില്ല. പ്രവർത്തകരുടെ കയ്യിൽ നിന്ന് ബാനറും തൊപ്പിയും തട്ടിപ്പറിക്കുകയും ജില്ലാ ഭാരവാഹികളെ മർദിക്കുകയും ചെയ്തതായും നേതാക്കൾ ആരോപിച്ചു.
സാഹോദര്യ പദയാത്ര അലങ്കോലമാക്കുകയും ജില്ലാ ഭാരവാഹികളെ മർദിക്കുകയും ചെയ്ത സിപിഎം നടപടിയിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ പ്രതിഷേധിച്ചു. എക്കാലവും സാഹോദര്യത്തോടും ജനാധിപത്യത്തോടും അലർജി വെച്ചുപുലർത്തിയവരാണ് സിപിഎം. വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രയെ ജനങ്ങൾ ഏറ്റെടുക്കുന്നതിലെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവായത്. സിപിഎം ഗുണ്ടകളെ വിട്ട് എത്ര കൈയേറ്റം ചെയ്യാൻ ശ്രമിച്ചാലും സാഹോദര്യ രാഷ്ട്രീയം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

