തിരുവനന്തപുരം കോർപറേഷനിൽ സിപിഎം- ബിജെപി ഡീൽ; സിജെപി കക്ഷിയെ ജനം തോൽപ്പിക്കും: കെ.എസ് ശബരീനാഥൻ
തന്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി ആർഎസ്എസ് പ്രവർത്തകനാണ്.

Photo| MediaOne
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ സിപിഎം- ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ് ശബരീനാഥൻ. ബിജെപിയും സിപിഎമ്മും ചേർന്ന് എത്ര തന്നെ സിജെപി കക്ഷി ഉണ്ടാക്കിയാലും ഇത്തവണ ജനം കോൺഗ്രസിന് വോട്ട് ചെയ്യും. ജനങ്ങൾ തന്നെ ഈ ഡീലിനെ തോൽപ്പിക്കുമെന്നും ശബരിനാഥൻ മീഡിയാവണിനോട് പറഞ്ഞു.
സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലിലാണ് ശബരീനാഥിന്റെ പ്രതികരണം. തന്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ യൂണിഫോം അണിഞ്ഞ് റൂട്ട് മാർച്ചിൽ പങ്കെടുത്തയാളാണ്. അങ്ങനെയെങ്കിൽ ബിജെപി സ്ഥാനാർഥിയായിട്ട് മത്സരിച്ചാൽ പോരേയെന്നും ശബരീനാഥൻ ചോദിച്ചു.
അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞത്, താനൊരു ആർഎസ്എസുകാരനും എൽഡിഎഫുകാരനും കൂടിയാണെന്നാണ്. അപ്പോൾ ചുവപ്പും കാവിയും ഒന്നാണെന്ന് അവരുടെ സ്ഥാനാർഥി തന്നെ പറയുകയാണ്. പക്ഷേ അഴിമതി മുക്ത തിരുവനന്തപുരം വരാനും ഒരു കാഴ്ചപ്പാടുള്ള തലസ്ഥാനത്തെ നിർമിക്കാനും ജനം യുഡിഎഫിന് തന്നെ വോട്ട് ചെയ്യും.
സിപിഎം- ബിജെപി ഡീലിൽ ആശങ്കയില്ല. കാരണം എല്ലാം ജനങ്ങൾ കണ്ടുതുടങ്ങി. അത് ഇഷ്ടപ്പെടാത്ത നല്ല കമ്യൂണിസ്റ്റുകൾ അതിനെതിരെ സംസാരിക്കുകയും ചെയ്യുന്നു. യുഡിഎഫ് വരണമെന്ന് സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെ നല്ല പ്രവർത്തനം നടത്തി വിജയിച്ച് കോർപറേഷനിലും നാട്ടിലും മാറ്റം കൊണ്ടുവരുമെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

