Quantcast

എ.കെ ബാലൻ്റെ പ്രസ്താവന: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിപിഎം- ബിജെപി ധാരണ ശക്തിപ്പെടുന്നു- ഹമീദ് വാണിയമ്പലം

'വംശീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന എ.കെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്'.

MediaOne Logo

Web Desk

  • Published:

    10 Jan 2026 5:19 PM IST

CPM-BJP understanding is strengthening for the assembly elections Says Hameed Vaniyambalam
X

കോഴിക്കോട്: മാറാട് കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് കളമൊരുക്കുകയാണെന്ന് സിപിഎം ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോഴിക്കോട് നടന്ന വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് സംഭവത്തെക്കുറിച്ച് എ.കെ ബാലൻ നടത്തിയ വംശീയ വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു എന്ന പ്രഖ്യാപനം കേരളത്തിൽ ഹിന്ദുത്വഭീകരർക്ക് കൂടുതൽ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.

വംശീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന എ.കെ ബാലന്റെ പ്രസ്താവനയെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. ഇടതുപക്ഷ മുന്നണിയിലും സിപിഎമ്മിലും എ.കെ ബാലൻ്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിട്ടും പിണറായി വിജയൻ മാറാട് വിഷയത്തിൽ എ.കെ ബാലന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നത് കേരളത്തിൽ ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ഇതിലൂടെ താത്കാലിക രാഷ്ട്രീയ ലാഭമാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തിൽ ഹിന്ദുത്വവംശീയ ശക്തികൾക്ക് കൂടുതൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനാണ് കാരണമാകുന്നതെന്ന് തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളെ വംശീയമായി കൊന്നൊടുക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ സിപിഎം അപകടകരമായ മൗനം പാലിക്കുകയാണ്. കേരളത്തെ വർഗീയമായി ചിത്രീകരിക്കാൻ കേന്ദ്ര ഭരണകൂടവും ആർഎസ്എസും നടത്തുന്ന ആസൂത്രിതമായ ക്യാമ്പയിൻ കടമെടുത്താണ് സിപിഎം വെൽഫെയർ പാർട്ടിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം മുൻനിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം താത്പര്യപ്പെടുന്നതെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ മറുപടി ആവർത്തിക്കുകയാവും സംഭവിക്കുകയെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.

TAGS :

Next Story