Quantcast

'സ്വീകാര്യതയും പാര്‍ട്ടി അണികളുമായുള്ള ബന്ധവും നോക്കണം': തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ പരിഗണിക്കുന്നതിനെതിരെ സിപിഎം അണികള്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും, പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2026-03-03 15:40:33.0

Published:

3 March 2026 9:03 PM IST

സ്വീകാര്യതയും പാര്‍ട്ടി അണികളുമായുള്ള ബന്ധവും നോക്കണം: തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ പരിഗണിക്കുന്നതിനെതിരെ സിപിഎം അണികള്‍
X

തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ വിമര്‍ശനവുമായി സിപിഎം അണികളും അനുഭാവികളും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.

നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി അണികൾ ആവശ്യം ഉന്നയിക്കുന്നത്. വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് പ്രതികരണമെന്ന് സമൂഹ മാധ്യമ പോസ്റ്റുകളിൽ ഉണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും, പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. മുമ്പ് ആന്തൂർ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികൾ ഭയപ്പെടുന്നു.

സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ ആ വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാൽ തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ശ്യാമള ടീച്ചർ ആണെങ്കിൽ നമ്മൾ പുനർവിചിന്തനം നടത്തുമെന്നും കേട്ടത് സത്യം എങ്കിൽ ചരിത്രത്തിൽ ആദ്യമായി പാർട്ടി തളിപ്പറമ്പിൽ തോൽക്കാൻ പോകുന്നുവെന്ന് കുറിക്കുന്നവരും ഉണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയതുമൊക്കെ അണികള്‍ എടുത്തിടുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെയാണ് അണികളുടെ രോഷ പ്രകടനം ഉണ്ടായിരിക്കുന്നത്. പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

അതേസമയം സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയെ പേരാവൂരിലാണ് ഇത്തവണ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍.

TAGS :

Next Story