Quantcast

അമ്പലപ്പുഴയില്‍ ജി.സുധാകരന് വീഴ്ച പറ്റിയെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍

പ്രചാരണത്തിനിടെ സാമ്പത്തിക പ്രയാസം ഉണ്ടായപ്പോള്‍ മന്ത്രിയായിരുന്ന സുധാകരന്‍ സഹായിച്ചില്ല, സലാം എസ്.ഡി.പി.ഐക്കാരനാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സുധാകരന്‍ പ്രതിരോധിക്കാതെ മൗനം പാലിച്ചു, സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതെല്ലാം ശരിവെക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    3 Sept 2021 2:29 PM IST

അമ്പലപ്പുഴയില്‍ ജി.സുധാകരന് വീഴ്ച പറ്റിയെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി ജി.സുധാകരന് വീഴ്ച പറ്റിയെന്ന് സി.പി.എം അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്.സലാമിന്റെ ആരോപണം ശരിവെക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍. സലാമിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ സുധാകരന് വീഴ്ച പറ്റിയെന്നാണ് എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുധാകരനെതിരെ നിരവധി ആരോപണങ്ങളാണ് എച്ച്.സലാം ഉന്നയിച്ചിരുന്നത്. പ്രചാരണത്തിനിടെ സാമ്പത്തിക പ്രയാസം ഉണ്ടായപ്പോള്‍ മന്ത്രിയായിരുന്ന സുധാകരന്‍ സഹായിച്ചില്ല, സലാം എസ്.ഡി.പി.ഐക്കാരനാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സുധാകരന്‍ പ്രതിരോധിക്കാതെ മൗനം പാലിച്ചു, സലാമിന്റെ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതെല്ലാം ശരിവെക്കുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

അതേസമയം സുധാകരനെതിരെ എന്ത് നടപടിയെടുക്കണമെന്നത് സംബന്ധിച്ച് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടായില്ല. കോടിയേരി ബാലകൃഷ്ണന്‍ കോവിഡ് ബാധിതനായി ചികിത്സയിലായതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം മാത്രമേ നടപടി സംബന്ധിച്ച ചര്‍ച്ച ഉണ്ടാവുകയുള്ളൂ. സി.പി.എം രീതി അനുസരിച്ച് ഒരാള്‍ ഏത് കമ്മിറ്റിയിലെ അംഗമാണോ ആ കമ്മിറ്റിയിലാണ് നടപടി സംബന്ധിച്ച് ചര്‍ച്ച നടക്കുക. ജി.സുധാകരന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. അതുകൊണ്ട് തന്നെ കോടിയേരി തിരിച്ചെത്തിയ ശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സുധാകരനെതിരായ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക.

TAGS :

Next Story