ബ്രൂവറി വിവാദത്തിൽ സിപിഐയുടെ പിന്തുണ ഉറപ്പിച്ച് സിപിഎം; കുടിവെള്ളം മുടക്കി വികസനം പാടില്ലെന്ന് മാത്രം മുന്നറിയിപ്പ്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ എം.ബി രാജേഷ്, എം.എൻ സ്മാരകത്തിലെത്തി കണ്ടു

തിരുവനന്തപുരം: പാലക്കാട് ബ്രൂവറി വിവാദത്തിൽ സിപിഐയുടെ പിന്തുണ ഉറപ്പിച്ച് എക്സൈസ് മന്ത്രി എം.ബി രാജേഷ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ എം.ബി രാജേഷ്, എം.എൻ സ്മാരകത്തിലെത്തി കണ്ടു. സിപിഐ വികസന വിരോധികൾ അല്ലെന്നും കുടിവെള്ളം ഉറപ്പാക്കിയുള്ള വികസനം മതിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ബ്രൂവറി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകും.
പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ സിപിഐയുടെ പ്രാദേശിക നേതൃത്വം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് എതിർ സ്വരങ്ങൾ ഒന്നുമുണ്ടായില്ല. മന്ത്രി എം.ബി രാജേഷ് രണ്ടു ദിവസങ്ങൾക്കു മുമ്പ് എം.എൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.പ്രതിപക്ഷം അടക്കം ഉന്നയിക്കുന്ന പോലെ ജലദൗർലഭ്യം പാലക്കാട് ഉണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു. രാജേഷിൻ്റെ വിശദീകരണത്തിൽ ബിനോയ് വിശ്വം തൃപ്തി രേഖപ്പെടുത്തി എന്നാണ് വിവരം. രമേശ് ചെന്നിത്തലയുടെ ആരോപണം എന്തായെന്ന് രാജേഷ് ചോദിച്ചു. ബിനോയ് വിശ്വത്തെ കണ്ടത് പൊതു വിഷയങ്ങൾ സംസാരിക്കാനാണെന്ന് മറുപടി. കുടിവെള്ളം ഉറപ്പാക്കിയുള്ള വികസനമാണ് വേണ്ടതെന്ന് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.
Adjust Story Font
16

