'എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടു പോകേണ്ടത്'; വെള്ളാപ്പള്ളിയുടെ പേര് പറയാതെ വിമർശനമുന്നയിച്ച് സിപിഎം
'ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുത്'

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ പേര് പറയാതെ വിമർശനമുന്നയിച്ച് സിപിഎം. കേരളത്തിൻറെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
'മതനിരപേക്ഷതാ സംരക്ഷണത്തിൻറെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും, വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കുവാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും, മിഷനുകളുടെ പ്രവർത്തനവും, ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ്. കേരളത്തിൻറെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്'- സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

