ഉടുമ്പൻചോലയിൽ എം.എം മണി; ഇടുക്കിയിൽ സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം
ജില്ലാ സെക്രട്ടറിയേറ്റ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിൽ സിറ്റിങ് എംഎൽഎമാരെ തന്നെ ഇത്തവണയും മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ഉടുമ്പൻചോലയിൽ എം.എം മണിയും ദേവികുളത്ത് എ.രാജയും മത്സരിക്കും. ജില്ലാ സെക്രട്ടറിയേറ്റ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചു.
ജില്ലയിൽ ആകെ രണ്ട് സിറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ദേവികുളത്ത് എ.രാജയും ഉടുമ്പൻ ചോലയിൽ എം.എം മണിയും ആണ് നിലവിലെ ജനപ്രതിനിധികൾ. ഇരുവരെയും ഇത്തവണയും മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന് താല്പര്യം. ഇക്കാര്യം ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായിട്ടുണ്ട്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
എം.എം മണിയുടെ സ്വീകാര്യത മറ്റു മണ്ഡലങ്ങളിലും പ്രതിഫലിക്കും. എസ്.രാജേന്ദ്രൻ മത്സരരംഗത്ത് എത്തുന്നത് വഴി തോട്ടം മേഖലയിലെ വോട്ട് ഭിന്നിപ്പിച്ചു പോകുന്നത് തടയിടാൻ എ.രാജയ്ക്കാകും. ഇതൊക്കെയാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇരു മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയെ കൂടി വിലയിരുത്തി കൊണ്ടാണ് ഈ തീരുമാനം.
Adjust Story Font
16

