'അറസ്റ്റിലായ പൊതുപ്രവർത്തകരോട് തീവ്രവാദികളെ പോലെ പെരുമാറുന്നു, ആവിക്കലിലെ തീവ്രവാദികളോട് മൃദുസമീപനവും'; രൂക്ഷവിമർശനവുമായി സി.പി.എം

മെഡിക്കൽ കോളജ് വിഷയത്തിലും ആവിക്കൽ വിഷയത്തിലും കമ്മീഷണർക്ക് ഇരട്ട നയമാണെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ

MediaOne Logo

Web Desk

  • Updated:

    2022-09-19 07:13:19.0

Published:

19 Sep 2022 7:13 AM GMT

അറസ്റ്റിലായ പൊതുപ്രവർത്തകരോട് തീവ്രവാദികളെ പോലെ പെരുമാറുന്നു, ആവിക്കലിലെ തീവ്രവാദികളോട് മൃദുസമീപനവും; രൂക്ഷവിമർശനവുമായി സി.പി.എം
X

കോഴിക്കോട്: മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വം. കേസിൽ അറസ്റ്റിലായ പൊതുപ്രവർത്തകരോട് തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് പെരുമാറ്റമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ കുറ്റപ്പെടുത്തി.

'മെഡിക്കൽ കോളജ് വിഷയത്തിലും ആവിക്കൽ വിഷയത്തിലും കമ്മീഷണർക്ക് ഇരട്ട നയമാണ്. കമ്മീഷണറുടെ മൂക്കിന് താഴെയാണ് ആവിക്കൽതോട്. അവിടെ പൊലീസിനെ ആക്രമിച്ച തീവ്രവാദികൾക്ക് ജാമ്യം കിട്ടുന്നതിന് കമ്മീഷണർ മൃദുസമീപനം സ്വീകരിച്ചു. ആവിക്കൽ തോട് വിഷയത്തിൽ തീവ്രവാദികളെ സംരക്ഷിക്കുന്ന സമീപനമാണ് കമ്മീഷണർ സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'അവർക്ക് ജാമ്യം കിട്ടുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഈ ഇരട്ടസമീപത്തെയാണ് ഞങ്ങൾ എതിർക്കുന്നത്. കേരളത്തിലെ മികച്ച പൊലീസ് മാതൃകയാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നു. മെഡിക്കൽ കോളജിലെ അക്രമ സംഭവത്തെ ന്യായീകരിക്കുന്നില്ല. ഒരു ഘട്ടത്തിലും പ്രതികളെ പിടികൂടുന്നതിൽ ഇടപെടില്ല. ഒരു പ്രതികളെയും സിപിഎമ്മോ ഡിവൈഎഫ്‌ഐ നേതൃത്വമോ ഒളിവിൽ പാർപ്പിച്ചിട്ടില്ല.' അങ്ങനെ ഒളിവിൽ പാർപ്പിച്ചാൽ പൊലീസിന് കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'എന്നാൽ വീടുകളിൽ എത്തി പൊലീസ് സ്ത്രീകളെയും കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ്. പൂർണ ഗർഭിണിയെ പിന്നാലെ പോയി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു.' പ്രസവിച്ചാൽ കുട്ടിയെ അച്ഛനെ കാണിക്കില്ല ' എന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നും കമ്മീഷണർ അനാവശ്യമായി ഇടപെടുന്നത് ഗൂഢാലോചനയാണെന്നും പി.മോഹനൻ ആരോപിച്ചു.

ഇതോടെ മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ പോര് കടുപ്പിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം. പൊലീസിന്റെ പ്രവർത്തനം ഇടത് നയത്തിന് വിരുദ്ധമാണെങ്കിൽ ചൂണ്ടിക്കാണിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു . പൊലീസിനെ വിമർശിച്ചതിലൂടെ ആഭ്യന്തര വകുപ്പിനെയാണ് പി മോഹനൻ വെല്ലുവിളിച്ചതെന്ന് കെ.കെ രമ എം എൽ എയും പ്രതികരിച്ചു. അതേസമയം, കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.


TAGS :

Next Story