Quantcast

'സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല, മാധ്യമ സ്വാതന്ത്ര്യത്തിൽ സി.പി.എമ്മിന് ഒരേ നിലപാട്'; പ്രകാശ് കാരാട്ട്

'മറ്റെന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിലാകാം മാധ്യമപ്രവർത്തകക്ക് എതിരെ കേസ് എടുത്തത്'

MediaOne Logo

Web Desk

  • Published:

    14 Jun 2023 6:28 AM GMT

സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല, മാധ്യമ സ്വാതന്ത്ര്യത്തിൽ സി.പി.എമ്മിന് ഒരേ നിലപാട്;  പ്രകാശ് കാരാട്ട്
X

പാലക്കാട്: മാധ്യമ സ്വാതന്ത്ര്യത്തിൽ സി പി എമ്മിന് ഒരേ നിലപാടാണന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല. മറ്റെന്തെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തിലാകാം മാധ്യമപ്രവർത്തകക്ക് എതിരെ കേസ് എടുത്തത് . കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും പ്രകാശ് കാരാട്ട് പാലക്കാട്ട് പറഞ്ഞു.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കര്‍ഷക സമര കാലത്ത് മോദി സര്‍ക്കാരില്‍ നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

"മാധ്യമങ്ങളെ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. അവരെ അധിക്ഷേപിക്കുകയും കള്ളക്കേസില്‍ ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്‍റെ സത്യത്തെ അവ്യക്തമാക്കാനാവില്ല"- സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് ചെയ്തും ജലപീരങ്കി ഉപയോഗിച്ചുമാണ് മോദി സര്‍ക്കാര്‍ നേരിട്ടത്. 750 പേര്‍ രക്തസാക്ഷികളായി. ഒടുവിൽ മോദിക്ക് പിൻവാങ്ങേണ്ടി വന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തില്‍ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ സീതാറാം യെച്ചൂരി ഇതുവരെ പ്രതികരിച്ചിട്ടില്ല. "മിസ്റ്റര്‍ യെച്ചൂരി, സഖാവ് പിണറായിക്കും സർക്കാരിനും ഇതൊക്കെ ബാധകമാണോ?" എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ചോദ്യം.



TAGS :

Next Story