Quantcast

വിമർശനങ്ങളെ ഉൾക്കൊണ്ട് മാറ്റങ്ങൾ വരുത്തും, വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സി.പി.എം -എം.വി. ഗോവിന്ദൻ

‘ലോകത്തിൻറെ പൊതുചിത്രമാണ് എം.ടി പറഞ്ഞത്’

MediaOne Logo

Web Desk

  • Published:

    14 Jan 2024 5:46 AM GMT

mv govindan against youth congress protest in kannur
X

ഏത് വിമർശനത്തെയും ഉൾക്കൊണ്ട് മാറ്റങ്ങൾ വരുത്തുമെന്നും മാറ്റത്തിന് വിധേയമാകാത്ത പാർട്ടിയല്ല സി.പി.എമ്മെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാഹിത്യകാരൻമാരായാലും കലാകാരൻമാരായാലും ഉന്നയിക്കുന്ന വിമർശനങ്ങൾ കാത് കൂർപ്പിച്ച് തന്നെ കേൾക്കും. അതിനനുസരിച്ച മാറ്റം ആവശ്യമെങ്കിൽ വരുത്തും. ക്രിയാത്മക നിലപാടിനൊപ്പമാണ് സി.പി.എം.

വ്യക്തിപൂജയെ പാർട്ടി അംഗീകരിക്കില്ല. മുഖ്യമന്ത്രി സൂര്യനെപ്പോലെ എന്ന് പറഞ്ഞത് വ്യക്തിപൂജയല്ല. തെറ്റായ ഒരു കാര്യത്തിനും മുഖ്യമന്ത്രിയുടെ മുന്നിൽ എത്താൻ കഴിയില്ല എന്നാണ് ഉദ്ദേശിച്ചത്. അത് വ്യാഖ്യാനിച്ച് സാഹിത്യകാരന്മാരിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി. എം.ടി. വാസുദേവൻ നായരുടെ കാര്യമല്ല താൻ ഉദ്ദേശിച്ച​തെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

2003ലാണ് എം.ടി പ്രസ്തുത ലേഖനം എഴുതിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെയാകും ഉദ്ദേശിച്ചത്. അത് ഇപ്പോൾ പ്രസംഗിച്ചത് എന്തിനാണെന്ന് എം.ടിയോട് തന്നെ ചോദിക്കണം. ലോകത്തിൻറെ പൊതുചിത്രമാണ് എം.ടി പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അയോധ്യ രാമക്ഷേത്രത്തിലെ കോൺഗ്രസ് നിലപാട്. ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട് എന്നതായിരുന്നു കോൺഗ്രസിൻറെ ആദ്യ നിലപാട്. ഉറച്ച നിലപാട് സ്വീകരിക്കാൻ കേരളത്തിലെ കോൺഗ്രസിന് പോലും സാധിച്ചിരുന്നില്ല. മറ്റ് പല സംസ്ഥാനങ്ങളിലേയും കോൺഗ്രസ് ഇപ്പോഴും ക്ഷേത്രോദ്ഘാടനം ആഘോഷമാക്കി മാറ്റുന്നുണ്ട്. വിശ്വാസത്തെ സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. പണി തീരാതെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയമാണ്. അതിനു പിന്നിൽ വർഗീയതയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

നവകേരള സദസിലെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 35 ലക്ഷം ജനങ്ങളുമായാണ് സംവദിച്ചത്. ഇതിനെതിരെ യു.ഡി.എഫ് നടത്തിയ ബദൽ പരിപാടി ജനങ്ങളില്ലാതെ ശോഷിച്ച് പോയി. പരിപാടിയുടെ അവസാന സമയം യു.ഡി.എഫ് കലാപാഹ്വാനമാണ് നടത്തിയത്. യു.ഡി.എഫ് നേതാക്കളുടെ സമനില തെറ്റിയ അവസ്ഥയിലായി.

ദേശാഭിമാനി കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കും. അടുത്തമാസം ആരംഭിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ സി.പി.എമ്മിന് ഭയപ്പെടേണ്ട കാര്യമില്ല. കമ്പനികൾ തമ്മിലുള്ള കരാറാണ് ഉണ്ടായത്. പിണറായി വിജയൻറെ മകൾ ആയതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് വകുപ്പിന് എതി​രെയും അന്വേഷണം നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story