Quantcast

വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനത്തിന് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഇന്ന് അംഗീകാരം നൽകും

അതേസമയം കുഞ്ഞികൃഷ്ണന്‍റെ തുടർനീക്കം എന്താകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-01-26 02:28:49.0

Published:

26 Jan 2026 6:42 AM IST

വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനത്തിന്  സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഇന്ന് അംഗീകാരം നൽകും
X

കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണനെതിരായ അച്ചടക്കനടപടി ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം കുഞ്ഞികൃഷ്ണന്‍റെ തുടർനീക്കം എന്താകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.

രക്തസാക്ഷി ഫണ്ട് അടക്കം മോഷ്ടിച്ചെന്ന കുഞ്ഞികൃഷ്ണൻ്റെ ആരോപണം സിപിഎമ്മിനെ വലിയ തോതിൽ പിടിച്ചുലച്ചിട്ടുണ്ട്. എന്ത് നടന്നാലും തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന പയ്യന്നൂരെ പാർട്ടി നേതൃത്വം പൊതുസമൂഹത്തിന് മുന്നിൽ ഉത്തരം മുട്ടിയ നിലയിലാണിപ്പോൾ. അതാണ് കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്നാവശ്യം ജില്ലാ സെക്രട്ടേറിയേറ്റ് കൈക്കൊള്ളാൻ കാരണം. ജില്ലാ കമ്മറ്റിയിലും ഇതേ നിലപാടിന് തന്നെയാണ് സാധ്യത. രാവിലെ പത്ത് മണിക്ക് ഇ.പി ജയരാജൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ജില്ലാ കമ്മറ്റി യോഗം. അച്ചടക്ക നടപടിക്കൊപ്പം പാർട്ടി സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും യോഗത്തിൽ ചർച്ചയാകും.

കുഞ്ഞികൃഷ്ണനെതിരായ നടപടി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഉടൻ വിശദീകരണ യോഗം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളും ഉടൻ ആരംഭിക്കും. 29 ന് കുഞ്ഞികൃഷ്ണൻ്റെ പുസ്തകം കൂടി പുറത്തിറങ്ങുന്നതും പാർട്ടി കണക്കിലെടുക്കുന്നുണ്ട്.. ടി.ഐ. മധുസൂദനനെതിരെയുള്ള നീക്കം കോൺഗ്രസും ബിജെപിയും ശക്തമാക്കുന്നതോടെ പയ്യന്നൂരെ രാഷ്ട്രീയ രംഗം ചൂടുപിടിക്കും. ഉറച്ച മണ്ഡലമെന്ന പേര് കുഞ്ഞികൃഷ്ണൻ്റെ തുറന്നു പറച്ചലിൽ പൊളിഞ്ഞു വീഴുമോ എന്നാശങ്ക അണികളിലും ശക്തമാണ്.



TAGS :

Next Story