സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസ്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്
മുസ്‌ലിം ലീഗ് നേതാവും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ നാലകത്ത് ബഷീറാണ് ഒന്നാം പ്രതി

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൻ്റെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിശദാംശങ്ങൾ മീഡിയവണിന്.
2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിലായിരുന്നു ലക്ഷങ്ങളുടെ ക്രമക്കേട്. ഭരണം മാറിയതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ്, വിജിലൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കി നടക്കാവ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എം. മെഹബൂബിനെ കൂടാതെ മുസ്‌ലിം ലീഗ് നേതാവും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ നാലകത്ത് ബഷീർ, സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികൾ.
നാലകത്ത് ബഷീറിനെ ഒന്നാം പ്രതിയും പരിപാടിയുടെ സംഘാടക സമിതി ചെയർമാനായിരുന്ന നിലവിലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് മൂന്നാം പ്രതിയുമാണ്.
ബഷീർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 34 ലക്ഷം രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 7,94,000 രൂപയും വാങ്ങിച്ചെടുത്തതായും മറ്റു പല മേഖലകളിൽ നിന്നായി 1.24 കോടിയോളം രൂപ ശേഖരിച്ച് മറ്റ് നാലു പ്രതികളും ചേർന്ന് കണക്കുകൾ സൂക്ഷിക്കാതെ ക്രമക്കേട് നടത്തിയതായും പണം ദുരുപയോഗം ചെയ്ത് സംസ്ഥാന വോളിബോൾ അസോസിയേഷനോട് വിശ്വാസവഞ്ചന നടത്തിയെന്നുമാണ് നടക്കാവ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
Adjust Story Font
16

