Quantcast

'ഫലസ്തീനികൾ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധികൾ'; ശൈലജ ടീച്ചറുടെ തള്ളിപ്പറയലിന് ശേഷം പിന്തുണയുമായി എം സ്വരാജ്

ഹമാസ് പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച് കെ.കെ ശൈലജ ടീച്ചർ രംഗത്ത് വന്നതിന് ശേഷമാണ് സ്വരാജിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-10-12 09:44:44.0

Published:

12 Oct 2023 6:34 AM GMT

CPM leader M Swaraj in support of Palestinians, Shailaja teacher against Hamas
X

കോഴിക്കോട്: ഇസ്രായേലിനെയും ഫലസ്തീനെയും ഇരുവശത്തുനിർത്തി വിശകലനം ചെയ്യുന്നത് അനീതിയാണെന്നും എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും ഫലസ്തീനികൾ നിരപരാധികളാണെന്നും സിപിഎം നേതാവ് എം സ്വരാജ്. ഹമാസ് പോരാളികളെ ഭീകരരെന്ന് വിശേഷിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചർ രംഗത്ത് വന്നതിന് ശേഷമാണ് സ്വരാജിന്റെ പ്രതികരണം. ഹമാസ് റോക്കറ്റ് അയച്ചത് തെറ്റായെന്ന് പറയുന്നവരും നിലപാടു പറയാൻ കഷ്ടപ്പെടുന്നവരുമുണ്ടെന്നും ഒടുവിലത്തെ ഫലസ്തീനിയെയും കൊന്നൊടുക്കും മുമ്പ് അവരെന്ത് ചെയ്താലും നിരപരാധികൾ തന്നെയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണ് ഫലസ്തീനികളെന്നും എം സ്വരാജ് ഓർമിപ്പിച്ചു. യുദ്ധ വിരുദ്ധതയുടെ പേരിൽ ഫലസ്തീനെ തള്ളിപ്പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണ് കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. 1948 മുതൽ ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ രീതിയിലുള്ള ഭീകരതയാണെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു. അതിന് കാരണക്കാർ ഇസ്രായേലും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർഥ്യം മറച്ചുവെക്കാനാവില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യണമെന്നും ശൈലജ ടീച്ചർ പറഞ്ഞു.



എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

' അവൻ

എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും

അവൻ നിരപരാധിയാണ്... '

* * * * * * * * * * * * * * *

സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ഗോത്രവർഗ്ഗത്തിലെ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു :

' .... നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കുക ?. '

ഇന്റർവ്യൂ ബോർഡിലെ ഓഫീസറുടെ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ ധർമപാലൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു :

' സർ ,

ന്യായം എന്നു വെച്ചാൽ എന്താണ് ?.

വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്? . ന്യായം എന്നു പറഞ്ഞാൽ അതിൻറെ കാതലായി ഒരു ധർമ്മം ഉണ്ടായിരിക്കണം. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. '

ധർമപാലന്റെ മറുപടി കേട്ടുകഴിഞ്ഞപ്പോൾ ഒരു തുടർ ചോദ്യം കൂടി ഓഫീസർ ധർമപാലനു നേരെ ഉയർത്തുന്നു.

' അത് കൊലപാതകമാണെങ്കിലോ ?

മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും ?'

യാതൊരു സംശയവും ആശയക്കുഴപ്പവുമില്ലാതെ ധർമപാലന്റെ മറുപടിയിങ്ങനെ:

' സാർ , കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി ...

അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത് ' .

പ്രശസ്തനായ എഴുത്തുകാരൻ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ'

എന്ന നോവലിലെ ഒരു ഭാഗമാണ് മുകളിൽ പരാമർശിച്ചത്.

എന്തുതന്നെ ചെയ്താലും, അത് കൊലപാതകമായാൽ പോലും ഒരു നായാടി നിരപരാധിയാകുന്നത് എങ്ങനെയാണന്ന് എല്ലാവർക്കും എളുപ്പത്തിൽ മനസിലായിക്കൊള്ളണമെന്നില്ല. സാമ്പ്രദായികവും പരമ്പരാഗതവുമായ നീതിബോധത്തിന്റെ ഗോപുരങ്ങൾക്കകത്ത് പാർക്കുന്ന 'നീതിമാന്മാർക്ക് ' ഇതൊട്ടും മനസിലാവുകയുമില്ല.

അതു മനസിലാകണമെങ്കിൽ ആരാണ് നായാടി എന്നറിയണം. അവരോട് കാലവും ലോകവും ചെയ്തതെന്താണെന്ന് അറിയണം.

ജയമോഹന്റെ നോവലിൽ , സിവിൽ സർവീസ് ഇന്റർവ്യൂവിനിടയിൽ നായാടികളെപ്പറ്റിയുള്ള ചോദ്യത്തിന് ധർമപാലൻ വിശദമായി മറുപടി പറയുന്നുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിലെ പ്രസ്തുത ഭാഗം ധർമപാലന് മന:പാഠമായിരുന്നു

അത് ഇങ്ങനെയാണ് :

'നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകൽ വെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻ തന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നി കളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവർക്ക് തവിട്, എച്ചിൽ, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവ ചിലർ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും, പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ - എല്ലാം ചുട്ടു തിന്നും . മിക്കവാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായിത്തന്നെ കഴിക്കും. പൊതുവേ ഇവർ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവർക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്ക് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയുമില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ട് സർക്കാരിന് യാതൊരു വരുമാനവും ഇല്ല. '

ഇങ്ങനെയാണ് നോവലിൽ നായാടികളെപ്പറ്റി വിശദീകരിക്കുന്നത്.

ഇങ്ങനെ ഒരു വിഭാഗത്തെ സങ്കൽപ്പിക്കാനാവുന്നുണ്ടോ ?

നീതിയെന്ന വാക്കിന്റെ പ്രകാശവർഷങ്ങൾക്ക് അകലെ നിർത്തിയിരിക്കുന്ന ഈ മനുഷ്യരോട് ഏത് നീതിയെക്കുറിച്ചാണ് നാം സംസാരിക്കുന്നത് ?

ഇത്രയും പറഞ്ഞത് ഇസ്രായേൽ - പലസ്തീൻ യുദ്ധത്തെക്കുറിച്ചാണ്.

വിശദീകരിക്കാനും നിലപാടു പറയാനും കഷ്ടപ്പെടുന്നവരുണ്ട്. ഇതിനിടയിൽ ചില സമദൂരക്കാരുമുണ്ട് !

ഹമാസ് 5000 റോക്കറ്റ് അയച്ചത് തെറ്റായിപ്പോയന്ന് ആവർത്തിക്കുന്ന 'സമാധാനവാദികൾ '...

ഇപ്പോൾ സംഘർഷം തുടങ്ങി വെച്ചത് പലസ്തീനാണെന്ന് രോഷം കൊള്ളുന്നവർ...

അത് ഇസ്രായേലിന് തിരിച്ചടിക്കാൻ അവസരമായെന്ന് വിലപിക്കുന്നവർ ...

തങ്ങൾ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ് , ഇസ്രായേലും പലസ്തീനും യുദ്ധം അവസാനിപ്പിക്കണം എന്ന് ഉപന്യാസമെഴുതുന്നവർ ...

ഉറപ്പിച്ചു പറയുന്നു,

ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു.

പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്.

അതെ, അതെന്തു തന്നെയായാലും ...

ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യും.

എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.

പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.

കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്.

അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്‌നേഹികളിൽ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല.

ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ്...

മുക്കാൽ നൂറ്റാണ്ടായി

കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ.

സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.

സഹോദരങ്ങളായ പതിനായിരങ്ങൾ കണ്മുന്നിൽ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നിൽക്കേണ്ടി വന്നവർ...

സ്വന്തം രാജ്യവും തെരുവുകളും വീടും സഹോദരങ്ങളും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരാണവർ.

ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകൾ മാത്രമാണിന്നു പലസ്തീൻ .

ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ പലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനുമുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെ..

- എം സ്വരാജ് .



CPM leader M Swaraj in support of Palestinians, Shailaja teacher against Hamas

TAGS :

Next Story